പ്രതീക്ഷിച്ച വിധിയെന്ന് പ്രോസിക്യൂഷന്, അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം
1467450
Friday, November 8, 2024 6:18 AM IST
കൊല്ലം: കളക്ടറേറ്റ് സ്ഫോടന കേസില്‍ പ്രതീക്ഷിച്ച വിധിയാണ് ഉണ്ടായതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്. സേതുനാഥ്.
പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു. രാജ്യം ശ്രദ്ധിക്കപ്പെട്ട കേസില്‍ യുഎപിഎയിലാണ് മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് സമര്‍ഥിച്ച വാദങ്ങള്‍ കോടതി അംഗീകരിച്ചതിന്റെ തെളിവാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്ര സുരക്ഷയെ ബാധിക്കുന്ന കേസില്‍ പരമാവധി തെളിവുകള്‍ കണ്ടെത്തി കോടതിയില്‍ എത്തിക്കാനും അത് കോടിയ്ക്ക് ബോധ്യപ്പെടുത്താനായതാണ് പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കാനായതെന്ന് അന്വേഷണ ഉദ്യോസ്ഥനായിരുന്ന മുന്‍ എസിപി ജോര്‍ജ് കോശി പറഞ്ഞു.
കോടതി വിധിയില്‍ പ്രതികള്‍ക്ക് അസംതൃപ്തിയുണ്ടെന്നും മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പ്രതിഭാഗം അഭിഭാഷകന് അഡ്വ. എസ്. ഷാനവാസ് പറഞ്ഞു. അടുത്ത 30 ദിവസത്തിനുള്ളില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന് അപ്പീല്‍ നല്‍കും.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്കിയതിനാല് ഹൈക്കോടതിയില്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍വികാരരായി പ്രതികള്‍
കൊല്ലം: കളക്ടറേറ്റ് സ്ഫോടന കേസില്‍ വിധി കേള്‍ക്കാനായി പ്രതികളെ ഇന്നലെ ഉച്ചയോടെയാണ് ജില്ലാ സെഷന്‍സ് കോടതിയിലെത്തിച്ചത്. 15 മിനിറ്റോളം നീണ്ടു നിന്ന വിധിപ്രസ്താവത്തില്‍ നിര്‍വികാരരായാണ് പ്രതികള്‍ നിന്നത്.
വിധി പ്രസ്താവത്തിന് ശേഷം പ്രതികളെ തിരികെ വാഹനത്തില്‍ കയറ്റി. ഏറെ വൈകാതെ പ്രതികളെ കോടതി വളപ്പില്‍ നിന്ന് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വിധിയുടെ പകര്‍പ്പുകള്‍ പ്രതികള്‍ക്ക് കൊടുക്കേണ്ടതിനാലാണ് സ്റ്റേഷനിലേക്ക് മാറ്റിയത്. വൈകുന്നേരം അഞ്ചോടെ പ്രതികള്‍ക്ക് വിധി പകര്‍പ്പ് നല്കി തിരുവനന്തപുരം ജയിലിലേക്ക് കൊണ്ടുപോയി.
ഇന്നലെ കളക്ടറേറ്റ് വളപ്പില്‍ പോലിസിന്റേയും ദ്രുതകര്‍മസേനയുടേയും നേതൃത്വത്തില്‍ വന്‍ സുരക്ഷ ഒരുക്കിയിരുന്നു. വിധി കേള്‍ക്കാനും പ്രതികളെ കാണാനുമായി കളക്ടറേറ്റ് വളപ്പില്‍ ജീവനക്കാരുള്‍പ്പെടെ നിരവധി പേര് തടിച്ചുകൂടി.