എണ്ണപ്പനത്തോട്ടത്തിൽ കാട്ടുപന്നി ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്
1467720
Saturday, November 9, 2024 6:31 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഓയിൽ ഫാം എണ്ണപ്പന തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്ത്രീതൊഴിലാളിക്ക് ഗുരുതര പരിക്ക്.
കുളത്തൂപ്പുഴ സാം നഗർ ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ബേബി സുരേന്ദ്രനാണ് (48) കാലിന് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം കടമാൻ കോഡ്ശിവപുരം ഭാഗത്തെ ഓയിൽ ഫാം തോട്ടത്തിൽ ജോലി ചെയ്യുന്ന സമയത്തായിരുന്നു അപകടം.
കാടുവെട്ട് തൊഴിലിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയായ സ്ത്രീ മറ്റു തൊഴിലാളികളോടൊപ്പം ജോലി ചെയ്യവേ ചെടികൾക്കിടയിലൂടെ എത്തിയ കാട്ടുപന്നി വീട്ടമ്മയെ ഇടിച്ചു വീഴ്ത്തുകയും കാൽ കടിച്ചു മുറിക്കുകയുമായിരുന്നു.
കൂടെ ജോലി ചെയ്യുന്നവർ ശബ്ദം ഉണ്ടാക്കി. തുടർന്നാണ് കാട്ടുപന്നി വനത്തിനുള്ളിലേക്ക് മടങ്ങിയത്. കാലിന് ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.