മഞ്ഞപ്പിത്തം ; സ്ഥാപനങ്ങൾക്ക് പിഴ : വാണിമേലിൽ നടപടികൾ കർശനമാക്കി ആരോഗ്യ വകുപ്പ്
1543571
Friday, April 18, 2025 5:09 AM IST
നാദാപുരം : മഞ്ഞപ്പിത്ത ഭിഷണി നിലനിൽക്കുന്ന വാണിമേൽ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി ആരോഗ്യ വകുപ്പ്.
ശുചിത്വം പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്ക് പിഴയും നോട്ടീസും. ഹോട്ടലുകൾ , ബേക്കറികൾ , ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന കർശനമാക്കിയത്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരണം നടത്താതിരുന്ന സ്ഥാപനങ്ങൾക്ക് താക്കീത് നൽകി.
ഭൂമിവാതുക്കലിലെ ഹോട്ടൽ ന്യൂ അജ്മീർ എന്ന സ്ഥാപനത്തിന് സമീപത്ത് കൂട്ടിയിട്ട സിഗരറ്റിന്റെയും മറ്റും അവശിഷ്ടങ്ങൾ ഉടൻ നീക്കം ചെയ്യാൻ നിർദ്ദേശിച്ചു.
പുകയില നിയന്ത്രണ നിയമപ്രകാരം നിയമാനുസൃത ബോർഡ് സ്ഥാപിക്കാത്ത വാണിമേൽ പെട്രോൾ പമ്പിന് പിഴ ചുമത്തി. സ്ഥാപന പരിസരം ഉടൻ വൃത്തിയാക്കാൻ നിർദ്ദേശിച്ചു. ബേക്കറി നിർമ്മാണ യൂണിറ്റ് ഡീ-ബേക്ക്സ് എന്ന സ്ഥാപനത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചു സംസ്കരിക്കുന്നതിൽ വീഴ്ച വരുത്തിയതിന് നോട്ടീസ് നൽകി. 16 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
മഞ്ഞപ്പിത്ത രോഗബാധ ഇപ്പോഴും നിലനിൽക്കുന്നതിനാൽ ആഘോഷ വേളകളിൽ വിതരണം ചെയ്യുന്ന ഭക്ഷണവും ,കുടിവെള്ളവും ശുചിത്വം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്ന് മെഡിക്കൽ ഓഫീസർ ഡോ: സഫർ ഇഖ്ബാൽ അറിയിച്ചു.
പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ് നേതൃത്വം നൽകി. ജൂനി: ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.പി. സതീഷ് , കെ . എം. ചിഞ്ചു എന്നിവർ പങ്കെടുത്തു.
Photo : ശുചിത്വ പരിശോധനയുടെ ഭാഗമായി വാണിമേൽ ആരോഗ്യ വിഭാഗം അധികൃതർ ബേക്കറി യൂണിറ്റിൽ പരിശോധന നടത്തുന്നു.