ക്ഷീരകർഷകയെ യൂത്ത് കോൺഗ്രസ് ആദരിച്ചു
1482734
Thursday, November 28, 2024 5:36 AM IST
കൂരാച്ചുണ്ട്: ദേശീയ ക്ഷീര ദിനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സായാഹ്നത്തിൽ ജില്ലയിലെ മികച്ച ക്ഷീര കർഷകയായി തെരഞ്ഞെടുക്കപ്പെട്ട കീർത്തി റാണി കരിമ്പനക്കുഴിയെയും, ഭർത്താവ് സിജു കുര്യൻ, മക്കളായ ജാക്സ് വർഗീസ്, ജെറിൽ വർഗീസ് എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.
21 വർഷത്തിലധികമായി ക്ഷീര കർഷക മേഖലയിൽ സജീവമായ കീർത്തി പത്ത് വർഷത്തോളമായി ഫാം നടത്തുകയാണ്. കൂരാച്ചുണ്ട് ക്ഷീരോല്പാദക സൊസൈറ്റി ഭരണസമിതി അംഗമായ ഇവർ ദിവസവും 300 ലിറ്ററിലധികം പാൽ അളക്കുന്നുണ്ട്. കൂടാതെ സമീപത്തെ ഇരുപത്തിയഞ്ചിലധികം വീടുകളിൽ പാൽ വിതരണവും ചെയ്യുന്നുണ്ട്.
ഫാമിൽ ജഴ്സി എച്ച്എഫ് വിഭാഗത്തിൽപെട്ട 21 പശുക്കളും രണ്ട് എരുമകളുമാണുള്ളത്. ആറ് തവണ ജില്ലയിൽ മികച്ച ക്ഷീര കർഷകയ്ക്കുള്ള പുരസ്കാരം കീർത്തിയെ തേടിയെത്തിയിട്ടുണ്ട്. ഈ വർഷത്തെ മലബാറിലെ മികച്ച ക്ഷീര കർഷകയ്ക്കുള്ള സഹകാർ ഭാരതി പുരസ്കാരവും കീർത്തിക്കാണ് ലഭിച്ചത്. ക്ഷീര വകുപ്പിന്റെ ക്ഷീര സഹചാരി സംസ്ഥാന അവാർഡ്, പീപ്പിൾസ് ഡയറി പ്രൊജക്ട് അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും കീർത്തിയെ തേടിയെത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷനായി.
കൂരാച്ചുണ്ട് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് ജോർജ് പൊട്ടുകുളത്തിൽ ഉപഹാരം കൈമാറി. കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് വി.ജെ. സെബാസ്റ്റ്യൻ, കെഎസ്യു മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ, മുൻ പഞ്ചായത്തംഗം സിനി ജിനോ, ജെറിൻ കുര്യാക്കോസ്, ശ്വേത ജിൻസ്, ജ്യോതിഷ് രാരപ്പൻകണ്ടി, ജിനോ തച്ചിലാടത്ത്, ലിബിൻ പാവത്തികുന്നേൽ എന്നിവർ പ്രസംഗിച്ചു.