മഞ്ചേരി സെന്റ് ജോസഫ്സ് പള്ളി തിരുനാള്‍ കൊടിയിറങ്ങി
1481967
Monday, November 25, 2024 6:25 AM IST
മഞ്ചേരി: മൂന്നു ദിവസം നീണ്ടുനിന്ന മഞ്ചേരി സെന്റ് ജോസഫ്സ് പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യനോസിന്റെയും സംയുക്ത തിരുനാള്‍ മഹാമഹം ഇന്നലെ സമാപിച്ചു.
ഇടവക വികാരി ഫാ. ജോസഫ് കുഴിക്കാട്ടുമ്യാലില്‍ 22ന് കൊടിയേറ്റം നിര്‍വഹിച്ചതോടെയാണ് തിരുനാളിന് തുടക്കമായത്. തുടര്‍ന്ന് ഇടവകയില്‍ മരണപ്പെട്ടവര്‍ക്കുവേണ്ടിയുള്ള കുര്‍ബാന മലപ്പുറം ഫൊറോന വികാരി ഫാ. മാത്യു നിരപ്പേല്‍ അർപ്പിച്ചു. ശേഷം കലാപരിപാടികളും അരങ്ങേറി. 23ന് ജപമാല, രൂപം എഴുന്നള്ളിപ്പ് എന്നിവ നടന്നു. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന തേഞ്ഞിപ്പലം പള്ളി വികാരി ഫാ. ഏബ്രഹാം സ്രാമ്പിക്കല്‍ നിര്‍വഹിച്ചു. ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം, വാഴ്വ്, വാദ്യമേളങ്ങള്‍, ലൈറ്റ് ആന്‍ഡ് മ്യൂസിക് ഷോ എന്നിവ നടന്നു.
തിരുനാള്‍ സമാപന ദിവസമായ ഇന്നലെ രാവിലെ പത്തിന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് പുല്ലൂരാംപാറ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍ നേതൃത്വം നല്കി. തുടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം എന്നിവ നടന്നു. ഉച്ചക്ക് 12ന് സ്നേഹവിരുന്നോടെ തിരുനാളിനു സമാപനമായി.
മുഖ്യകണ്വീനര് ജിനു പുറകോട്ടില്, കൈക്കാരന്മാരായ ഡെയ്സണ്‍ മാണിക്കാനാപറമ്പില്, ജോണ്‍കുട്ടി മണലാടിയില്‍, തങ്കച്ചന് കിഴക്കേക്കര, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.