പാലക്കാട് -കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ : രേഖകള്‍ റവന്യു വകുപ്പില്‍; നഷ്ടപരിഹാര വിതരണം "ബ്ലോക്കില്‍'
1481965
Monday, November 25, 2024 6:25 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ നഷ്ടപരിഹാര വിതരണനടപടികളില് തീരുമാനമായില്ല. പാത കടന്നുപോകുന്ന പെരുമണ്ണ വില്ലേജിലെ 600-ല്‍ അധികം വരുന്ന കുടുംബങ്ങള്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുകയാണ്. പലര്‍ക്കും നഷ്ടപരിഹാരം പൂര്‍ണമായും ലഭിച്ചിട്ടില്ല. തുക ലഭിക്കുമെന്ന പ്രതീക്ഷയില്‍ വീടും സ്ഥലവും വിട്ടുകൊടുത്തവര്‍ ഇപ്പോള്‍ കടക്കെണിയിലാണ്.
പലരും വാടക വീട്ടിലേക്ക് മാറുകയും പുതിയ സ്ഥലം വാങ്ങുന്നതിന് അഡ്വാന്‍സ് നല്‍കുകയും ചെയ്തിരുന്നു. നഷ്ടപരിഹാര വിതരണം അനന്തമായി നീണ്ടതോടെ സമരമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ഇവര്‍ പറയുന്നത്. കെട്ടിടത്തിന്റെ വിലയില്‍ ആറ് ശതമാനം വെട്ടിക്കുറയ്ക്കുന്ന നടപടി അവസാനിപ്പിക്കുക, നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് സ്ഥല ഉടമകള്‍ നിരന്തരം ഉന്നയിക്കുന്നത്.
നിരവധി തവണ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തിയിട്ടും തീരുമാനമായിട്ടില്ല.
പെരുമണ്ണ-ഒളവണ്ണ പഞ്ചായത്തിലെ 600 കുടുംബങ്ങള്‍ 2022-ല്‍ പ്രഖ്യാപിച്ച ബിവിആര്‍ പ്രകാരം പണം കിട്ടുമെന്ന് ധരിപ്പിച്ചതിനാല്‍ ആധാരങ്ങളും മറ്റ് രേഖകളും റവന്യുവകുപ്പിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. നിലവില്‍ പണം കൊടുക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. നേരത്തേ പ്രഖ്യാപിച്ച ബിവിആര്‍ പ്രകാരമുള്ള നഷ്ടപരിഹാരത്തുക തരുമെന്ന് വിശ്വസിച്ച് ആധാരങ്ങളെല്ലാം നല്‍കിയിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയായെന്നാണ് ഇവര്‍ പറയുന്നത്.
കോഴിക്കോട് നല്കിയ നഷ്ടപരിഹാര തുക പാലക്കാട്ടേക്കാള്‍ കൂടുതലാണെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണ് നഷ്ടപരിഹാരം നല്‍കുന്നത് പൂര്‍ണമായും നിര്‍ത്തിയത്. നേരത്തേ നഷ്ടപരിഹാരം കിട്ടിയവര്‍ക്ക് കൊടുത്ത തുകയില്‍നിന്ന് കുത്തനെ കുറവ് വരുത്തിയാണ് പിന്നീട് നല്‍കിയത്. ഇതും പ്രതിഷേധത്തിന് കാരണമായി. വിഷയം മന്ത്രിമാരായ കെ. രാജന്, പി.എ.മുഹമ്മദ് റിയാസ് എന്നിവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും തുടര്‍ നടപടികളായിട്ടില്ല. കഴിഞ്ഞ ദിവസവും സ്ഥല ഉടമകള്‍ പ്രതിഷേധവുമായി കളക്ടറേറ്റിന് മുന്നില്‍ എത്തിയിരുന്നു.
നിലവിലെ ദേശീയപാതയിലെ ഗതാഗത തിരക്ക് കുറയ്ക്കുന്നതോടൊപ്പം യാത്ര സമയത്തിലും കുറവു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രീൻഫീൽഡ് ഹൈവേ നിർമിക്കുന്നത്. കോഴിക്കോട് നിന്ന് തുടങ്ങി പാലക്കാട് മരുതറോഡ് ജംഗ്ഷന് വരെ 121 കിലോമീറ്ററാണ് ഹൈവേയുടെ ദൈർഘ്യം.
ആറു വരിപ്പാതയാണ് നിർമിക്കുന്നത്. ഏകദേശം 7961.27 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട് ബൈപാസിലെ പന്തീരാങ്കാവ് വില്ലേജിൽനിന്ന് ആരംഭിച്ച് പെരുമണ്ണ, വാഴയൂർ, എടവണ്ണപ്പാറ, ചീക്കോട്, അരീക്കോട്, കണ്ടാലപ്പറ്റ, കാരക്കുന്ന്, എളങ്കൂർ, ചെമ്പ്രശ്ശേരി, ഒടോംപറ്റ, തുവൂർ, ഇരിങ്ങാട്ടിരി, എടത്തനാട്ടുകര, മണ്ണാർക്കാട്, പൊറ്റശേരി ഒന്ന്, കരിമ്പ, കല്ലടിക്കോട്, മുണ്ടൂർ, ധോണി, മലമ്പുഴ എന്നിവിടങ്ങളിലൂടെ പാലക്കാട് പുതുശേരി വെസ്റ്റിൽ എൻഎച്ച് 544ൽ അവസാനിക്കുന്നതാണ് പദ്ധതിയുടെ അലൈൻമെന്റ്.