ഹാര്‍ഡ് വര്‍ക്ക് സ്മാര്‍ട്ട് വര്‍ക്കാകണം: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍
1481969
Monday, November 25, 2024 6:25 AM IST
കോഴിക്കോട്: നിര്‍മിത ബുദ്ധിയുടെ കാലത്ത് ഹാര്‍ഡ് വര്‍ക്കില്‍നിന്ന് സ്മാര്‍ട്ട് വര്‍ക്കിലേക്ക് മാറാനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരുടെ സംഘടനയായ കേരള സ്റ്റേറ്റ് വുമണ്‍ ആൻഡ് വെൽഫെയര്‍ ഓഫീസേഴ്സ് ഓര്ഗനൈസേഷന് (കെഎസ്ഡബ്ല്യുഒ) പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'സിവില്‍ സര്‍വീസില്‍ വനിതാ ജീവനക്കാര്‍ നേരിടുന്ന സങ്കീര്‍ണതകള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
സാങ്കേതികവിദ്യകളെ ശരിയായി ഉപയോഗപ്പെടുത്തുന്നതിലൂടെ സിവില്‍ സര്‍വീസില്‍ വനിതാ ജീവനക്കാര്‍ നേരിടുന്ന പല പ്രയാസങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയും. ജോലി ഭാരം കുറയ്ക്കാനും സമയം ലാഭിക്കാനും കഴിയുന്നതിനൊപ്പം കൂടുതല്‍ നന്നായും ആയാസരഹിതമായും ജോലി ചെയ്യാനും സാധിക്കും. സ്മാര്‍ട്ട് വര്‍ക്കിലേക്ക് സിവില്‍ സര്‍വീസിനെ കൊണ്ടുപോകാനുള്ള ഇടപെടലുകള്‍ക്ക് ജോയിന്റ് കൗണ്‍സില്‍ തുടക്കം കുറിക്കണമെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.വി.ഹാപ്പി വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ. അജിന, ലക്ഷ്മി മോഹന്‍, സി.ആര്. പ്രിയ, ജെ.എസ്. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.