നഗരത്തിലെ ലഹരി മാഫിയ: നടപടിയുമായി പോലീസും കോര്‍പറേഷനും
1481957
Monday, November 25, 2024 6:25 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: നഗരത്തില്‍ സമാധാന അന്തരീക്ഷത്തിന് വിഘാതം സൃഷ്ടിക്കുന്ന ലഹരി മാഫിയയെ കുടുക്കാന്‍ പോലീസും കോര്‍പറേഷനും കൈകോര്‍ക്കുന്നു.
സമീപകാലത്തായി നഗര ഹൃദയം കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടിക്ക് അധികൃതര്‍ തയാറെടുക്കുന്നത്. ഒഴിഞ്ഞ കെട്ടിടങ്ങള്‍, ഒറ്റപ്പെട്ട പ്രദേശങ്ങള്‍, ആള്‍തിരക്ക് കുറഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന കര്‍ശനമാക്കും. നഗരത്തിൽ തെളിയാത്ത തെരുവുവിളക്കുകളുണ്ടെങ്കിൽ അവ മാറ്റാൻ കൗൺസിലർമാർ പട്ടിക തയാറാക്കി നൽകണമെന്ന് മേയർ നിർദേശം നൽകി. ആവശ്യമായ ഇടങ്ങളിൽ പുതിയ വിളക്കുകൾ സ്ഥാപിക്കും.
മെഡിക്കൽ കോളജ്, മാവൂർ റോഡ്, ശ്രീകണ്ഠേശ്വര ക്ഷേത്ര പരിസരം തുടങ്ങി വിവിധയിടങ്ങളിൽ സാമൂഹിക വിരുദ്ധർ താവളമാക്കി. പാളയത്തും പുതിയപാലത്തും വൈകുന്നേരം അഞ്ചുകഴിഞ്ഞാൽ വിദ്യാർഥികൾക്കും സ്ത്രീകൾക്കും മറ്റുയാത്രക്കാർക്കും സഞ്ചരിക്കാൻ കഴിയുന്നില്ല.
സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളുടെയും ലഹരിവില്പനയുടെയും കേന്ദ്രങ്ങളായി ഇവിടം മാറുന്നു. തീരദേശങ്ങളിലും ബീച്ച് കേന്ദ്രീകരിച്ചും മയക്കുമരുന്ന് വില്പന സജീവമാണ്. ബോധവത്കരണവും ഉടൻ വേണമെന്നും തീരുമാനിച്ചിട്ടുണ്ട്. ലഹരി സംഘങ്ങളെ പിടികൂടുന്നുണ്ടെങ്കിലും ജില്ലയിൽ അക്രമ സംഭവങ്ങൾ ദിനം പ്രതിയെന്നോണം വര്‍ധിക്കുകയാണ്. സ്പെഷല്‍ ഡ്രൈവുകള്‍ പുനരാരംഭിക്കാന്‍ എക്സൈസും തയാറെടുക്കുന്നുണ്ട്.