എയ്ഡ്സ് ബോധവത്കരണം നടത്തി
1482481
Wednesday, November 27, 2024 6:04 AM IST
കോഴിക്കോട്: പെരുവയൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദിശ ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ എയ്ഡ്സ് ബോധവത്കരണ പരിപാടിയും പ്രാദേശിക പ്രവർത്തക സമിതി രൂപീകരണവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷറഫുദ്ധീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദിശ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പ്രകാശ് പീറ്റർ ബോധവത്കരണ ക്ലാസ് നയിച്ചു.
ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, പാലിയേറ്റീവ് വോളണ്ടിയർമാർ, കുറ്റിക്കാട്ടൂർ ഹയർ സെക്കൻഡറി - ഹൈസ്കൂൾ അധ്യാപകർ, പെരിങ്ങളം ഹയർ സെക്കൻഡറി - ഹൈസ്ക്കൂൾ അധ്യാപകർ, പെരുവയൽ സ്കൂൾ മാനേജർ എന്നിവർ പങ്കെടുത്തു.
ഡിസംബർ രണ്ടിന് വിപുലമായ എച്ച്ഐവി ബോധവത്കരണ പരിപാടികൾ നടത്തുവാൻ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി ചെയർപേഴ്സണായും ദിശ പ്രസിഡന്റ് പ്രകാശ് പീറ്റർ കൺവീനറായും കമ്മിറ്റി രൂപീകരിച്ചു. സിസ്റ്റർ റോസ്മരിയ, പഞ്ചായത്ത് മെമ്പർ വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.