പുറക്കാമല ഖനന നീക്കം; സമരം ശക്തമാകുന്നു
1482476
Wednesday, November 27, 2024 6:04 AM IST
പേരാമ്പ്ര: മേപ്പയ്യൂർ, ചെറുവണ്ണൂർ പഞ്ചായത്തിൽ വ്യാപിച്ച് കിടക്കുന്ന ജൈവ വൈവിധ്യത്താൽ ഏറെ സവിശേഷമായ പുറക്കാമല ഖനനം ചെയ്യാനുള്ള നീക്കത്തിനെതിരേ ജാതി-മത-രാഷ്ട്രീയം മറന്ന് ജനം അണിനിരന്നതോടെ സമരം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ജെമ്യംപാറയ്ക്ക് സമീപം സ്ഥിരം സമര പന്തൽ ഉയർന്നു.
പ്രമുഖ സിനിമാ-നാടക പ്രവർത്തകൻ മുഹമ്മദ് പേരാമ്പ്ര സമരപന്തൽ ഉദ്ഘാടനം ചെയ്തു. ഒരു നാടിനെയാകെ ഇല്ലാതാക്കാനുള്ള മാഫിയ നീക്കം ചെറുത്ത് തോൽപ്പിക്കണമെന്നും കരുവോട്ചിറ കൂടി ഇതിന്റെ ഭാഗമായി നശിക്കുമെന്നും ഇത് കൃഷിനാശത്തിനപ്പുറം വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് മെമ്പർ സറീന ഒളോറ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷീദ നടുക്കാട്ടിൽ, ആർജെഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ, സി.ടി. പ്രജീഷ്, അബ്ദുൾ റഹിമാൻ ഇല്ലത്ത്, വേണുഗോപാലൻ കോറോത്ത്, എം.കെ. രാമചന്ദ്രൻ, കെ.ടി. വിനോദൻ, മേലാട്ട് നാരായണൻ, കെ. സിറാജ്, എം.കെ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.