ദീപിക എക്സലന്‍സ് അവാര്‍ഡ് ദാന ചടങ്ങ് നാളെ
1481964
Monday, November 25, 2024 6:25 AM IST
കോഴിക്കോട്: മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപികയുടെ ഈ വര്‍ഷത്തെ എക്സലന്‍സ് അവാര്‍ഡ് ദാന ചടങ്ങ് നാളെ. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആറു വിശിഷ്ട വ്യക്തികള്‍ അവാര്‍ഡ് ഏറ്റുവാങ്ങും. വൈകീട്ട് 4.30ന് കോഴിക്കോട് ട്രിപ്പേന്റ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രൗഡഗംഭീരമായ അവാര്‍ഡ് ദാന ചടങ്ങ് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
ഇലാന്‍സ് ലേണിംഗ് പ്രൊവൈഡര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ജിഷ്ണു പി.വി, പ്രതിസന്ധികളെ അതിജീവിച്ച് വിജയമുദ്ര പതിപ്പിച്ച മാതൃകാ കര്ഷകന് വയനാട് പനമരം നീര്‍വാരം സ്വദേശി വില്ലാട്ട് ജോസ്, വയനാട് കേണിച്ചിറ കാര്യമ്പാടിയിലെ റിഫോം റിക്കവറി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡീന ജോര്‍ജ്, പാലാക്കാരന് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ലിജോ അനീഷ്, ജെസ്പെയ്ഡ് സാന്‍ഡല്‍വുഡ് പ്ലാന്റേഷന് പ്രോജക്ട് മാനേജിംഗ് ഡയറക്ടര്‍ ഡോ. ടി.എ. നിഷാദ്, മോട്ടോമി ഭാരത് നിധി ചെയര്‍പേഴ്സണ്‍ അഡ്വ. പി.ആര്. വന്ദന എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍.
ബിഷപ്പുമാരായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ (താമരശേരി), ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ (കോഴിക്കോട്), ജോസഫ് മാര്‍ തോമസ് (ബത്തേരി), തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ, കോഴിക്കോട് കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫിര്‍ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ്, പ്രശസ്ത സിനിമാതാരം ഹരീഷ് കണാരന്, കൗണ്‍സിലര്‍ സി. രേഖ, ദീപിക ചില്‍ഡ്രന്‍സ് ലീഗ് (ഡിസിഎല്‍) ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, ഡിഎഫ്സി മാനന്തവാടി രൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് കളമ്പുകാട്ടില്‍, ഡിഎഫ്സി താമരശേരി രൂപതാ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ളാമണ്ണില്‍ തുടങ്ങിയവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കും.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട് സ്വാഗതവും ദീപിക കോഴിക്കോട് യൂണിറ്റ് റെസിഡന്റ് മാനേജര്‍ ഫാ. ഷെറിന് പുത്തന്‍പുരയ്ക്കല്‍ നന്ദിയും പറയും. പയ്യന്നൂര്‍ എം.ആര്. മ്യൂസിക് ടീം അവതരിപ്പിക്കുന്ന സാക്സോഫോണ്‍ ഫ്യൂഷന്‍ അവാര്‍ഡ് നിശയ്ക്ക് കൊഴുപ്പേകും.