മുഖം മാറാനൊരുങ്ങി ഭട്ട്റോഡ് ബീച്ച്; നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
1482475
Wednesday, November 27, 2024 6:04 AM IST
കോഴിക്കോട്: വിനോദസഞ്ചാരികള്‍ ഏറെ എത്താറുണ്ടായിരുന്ന ഭട്ട്റോഡ് ബീച്ചിന്റെ മുഖം മാറുന്നു.സംരക്ഷണ ഭിത്തി തകർന്ന് അലങ്കോലപ്പെട്ട ഭട്ട്റോഡ് ബീച്ചിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഒന്നരക്കൊല്ലം മുമ്പ് തകർന്ന ബീച്ചിൽ കടലാക്രമണവും മണ്ണൊലിപ്പും തടയാനുള്ള കരിങ്കൽ കെട്ടുകളുടെ പണിയാണ് ആദ്യഘട്ടമായി തുടങ്ങിയത്.
ഒരു കോടിയോളം രൂപ ചെലവിൽ വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് നിർമാണം. തകർന്ന കൽക്കെട്ടും ഇന്റർലോക്കിട്ട ഭാഗവും നന്നാക്കും. അതുകഴിഞ്ഞ് പാർക്കും പരിസരവും നവീകരിക്കാനും പദ്ധതിയുണ്ട്. കനത്ത തിരയിൽ ബീച്ചും പാർക്കും ചേരുന്ന ഭാഗം തകർന്ന് അപകടാവസ്ഥയിലായിരുന്നു. നാലര മീറ്ററോളം ആഴത്തിൽ കുഴിയെടുത്താണ് കല്ലുപാകുന്നത്. താഴെ ഭാഗം രണ്ടര മീറ്ററും മുകളിൽ രണ്ട് മീറ്ററും വീതിയിലാണ് പണി.
പൂഴിയിൽ കല്ല് ഉറച്ചുനിൽക്കാൻ കമ്പിവല കൊണ്ട് ചതുരത്തിൽ കെട്ടുണ്ടാക്കി അതിനകത്ത് കരിങ്കല്ല് നിറക്കുകയാണ് ചെയ്യുന്നത്. പാർക്കിൽ വടക്ക് മുതൽ തെക്ക് വരെ മുഴുവൻ ഭാഗത്തും കെട്ട് വരും. ഒന്നിച്ച് കെട്ട് വന്നാൽ വലിയ തിരകളെയും പ്രതിരോധിക്കാനാകുമെന്നാണ് പ്രതീക്ഷ. 2023 ജൂലൈയിലാണ് പാർക്കും ബീച്ചുമായി വേർതിരിക്കുന്ന ഭാഗം തകർന്നത്.
വിളക്കുകാലും ബീച്ചിലേക്കുള്ള പടികളും ഇന്റർലോക്കും അടർന്നിരുന്നു. അടർന്ന ഇന്റർലോക്കുകൾ എടുത്തുമാറ്റി വച്ചിരിക്കയാണിപ്പോൾ. പാർക്കിലെത്തുന്ന കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങളും നശിച്ചു.