കൂടുതല്‍ വീഡിയോകളും ചിത്രങ്ങളും ഉള്‍പ്പെടുത്തും; ഫേസ്ബുക്ക് പേജ് കൂടുതല്‍ പ്രഫഷണലാക്കാന്‍ പോലീസ്
1481968
Monday, November 25, 2024 6:25 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് സോഷ്യല്‍ മീഡിയവഴിയുള്ള തട്ടിപ്പുകള്‍ അനുദിനം വര്‍ധിക്കുമ്പോള്‍ ഔദ്യോഗിക ഫേസ് ബുക്ക് പേജ് വഴിയുള്ള മുന്നറിയിപ്പുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പോലീസ്. മുന്നറിയിപ്പു പോസ്റ്റുകള്‍ ടെക്സ്റ്റായി ഇടുന്നതിന് പകരം കുടൂതല്‍ വീഡിയോകളും
ചിത്രങ്ങളും പേജില്‍ ഉള്‍ക്കൊള്ളിക്കാനാണ് തീരുമാനം. വീഡിയോകള്‍ക്ക് പ്രഫഷണല്‍ ടച്ച് നല്‍കാനും പേജില്‍ ഷെയര്‍ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം സെലിബ്രറ്റികളെയും മുന്നറിയിപ്പുകളില്‍ ഉള്‍പ്പെടുത്തും. കൊറിയര്‍ കമ്പനികളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാനും മുന്നറിയിപ്പിനുമായി ഗായിക കെ.എസ്.ചിത്രയുടെ വീഡിയോ ആണ് പേജില്‍ പോസ്റ്റ് ചെയ്തത്. മുന്നറിയിപ്പുകള്‍ നിരവധി പേജില്‍ ഷെയര്‍ ചെയ്യാറുണ്ടെങ്കിലും തട്ടിപ്പില്പ്പെടുന്നവരുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണെന്ന് പോലീസ് പറയുന്നു.
സംസ്ഥാനത്തു വ്യാപകമായി വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നന്നതായുള്ള മുന്നറിയിപ്പ് വീഡിയോ സഹിതമാണ് പോലീസ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഹാക്ക് ചെയ്യപ്പെടുന്ന ആളുടെ വാട്സ്ആപ്പില്‍നിന്ന് ധനസഹായ അഭ്യര്‍ഥന നടത്തി പണം തട്ടുകയാണ്. എറണാകുളം ഉള്‍പ്പെടെ സൈബര്‍ പോലീസിനു നൂറുകണക്കിനു പരാതികളാണ് ലഭിച്ചത്. ഒരാളുടെ വാട്സ്ആപ്പ് നമ്പര്‍ ഹാക്ക് ചെയ്ത ശേഷം ആ നമ്പര്‍ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സ്ആപ്പ് നമ്പറുകള്‍ തുടര്‍ന്നു ഹാക്ക് ചെയ്യുന്നതാണു തട്ടിപ്പിന്റെ രീതി. വാട്സ്ആപ്പിലേക്ക് ഒരു ആറക്ക നമ്പര്‍ വന്നിട്ടുണ്ടാകുമെന്നും അതൊന്നു അയച്ചു നല്‍കുമോ എന്നും ചോദിച്ചാണു തട്ടിപ്പിന്റെ തുടക്കം.
വാട്സ്ആപ്പ് ഗ്രൂപ്പിലെ അടുത്തു പരിചയമുള്ള ഏതെങ്കിലും അംഗത്തിന്റെ പേരിലാകും അഭ്യര്‍ഥനയെന്നതിനാല്‍ പലരും ഇതിനു തയാറാകും. ഈ ഒടിപി നമ്പര്‍ പറഞ്ഞു കൊടുക്കുന്നതോടെ വാട്സ്ആപ്പ് ഹാക്കാകും. അപരിചിതരുടെ മാത്രമല്ല, പരിചിതരുടെ നമ്പറുകളില്‍ (കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ) നിന്നുള്‍പ്പെടെ ഒടിപി നമ്പറുകള്‍ പറഞ്ഞുകൊടുക്കണമെന്ന ആവശ്യവുമായി വരുന്ന മെസേജുകള്‍ക്കു ഒരു കാരണവശാലും മറുപടി നല്‍കരുതെന്നും പേജില്‍ മുന്നറിയിപ്പു നല്കുന്നു.