കലാകിരീടം ചൂടി കോഴിക്കോട് സിറ്റി
1481710
Sunday, November 24, 2024 6:49 AM IST
കോഴിക്കോട്: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഒരിക്കല്‍ കൂടി കോഴിക്കോട് സിറ്റിക്ക് കിരീടം. അവസാന നിമിഷം വരെ പൊരുതിയ ചേവായൂര്‍ ഉപജില്ലക്കാണ് രണ്ടാം സ്ഥാനം. കോഴിക്കോട് സിറ്റി 938 പോയിന്റ് നേടിയപ്പോള്‍ ചേവായൂര്‍ 924 പോയിന്റ് നേടി രണ്ടാം സ്ഥാനത്തെത്തി. ചാമ്പ്യന്‍ സ്കൂളിനായി കടുത്ത പോരാട്ടമാണ് നടന്നത്.
322 പോയിന്റുമായി മേമുണ്ട എച്ച്എസ്എസാണ് ഒന്നാമതെത്തിയത്. സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് രണ്ടാം സ്ഥാനം (316) നേടി.പേരാമ്പ്ര എച്ച്എസ്എസ് ബാലുശേരി (255), കൊയിലാണ്ടി തിരുവങ്ങൂര്‍ എച്ച്എസ്എസ് (236),ബാലുശേരി കോക്കല്ലൂര്‍ എച്ച്എസ്എസ് (230) എന്നീ സ്കൂളുകളാണ് യഥാക്രമം മൂന്നുമുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍.
ആദ്യ ദിനം മുതല്‍ കോഴിക്കോട് സിറ്റിയുടെ മുന്നേറ്റമാണുണ്ടായത്. ജനപ്രിയ ഇനങ്ങളിലെല്ലാം കരുത്തുകാട്ടാന്‍ സിറ്റിക്കായി. അവസാന ദിവസമായ ഇന്നലെയും നേരം വൈകിയാണ് മത്സരങ്ങള്‍ അവസാനിച്ചത്. അതുകൊണ്ടുതന്നെ വിജയികളെ പ്രഖ്യാപിക്കുന്നതും രാത്രിയിലേക്ക് നീണ്ടു.
ഹയർ സെക്കന്‍ഡറി നാടകം; ഒന്‍പതാം തവണയും കോക്കല്ലൂർ
കോഴിക്കോട്: അതിജീവനത്തിന്റെ രാഷ്ട്രീയം പറഞ്ഞ "ഏറ്റം' മികച്ച നാടകമായി ജില്ലാ സ്കൂൾ കലോത്സവത്തിൽ തെരഞ്ഞെടുക്കപ്പെട്ടതോടെ നാടകത്തിൽ തുടർച്ചയായ ഒന്‍പതാം തവണയും കോക്കല്ലൂർ എച്ച്എസ്എസിന് ഒന്നാം സ്ഥാനം. മൃഗങ്ങളുടെ ആവാസകേന്ദ്രം മനുഷ്യർ കയ്യടക്കുമ്പോൾ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രതിഷേധമാണ് ഏറ്റം അവതരിപ്പിച്ചത്.
തൃശൂർ സ്വദേശിയായ നിഖിൽദാസാണ് രചനയും സംവിധാനവും നിർവഹിച്ചത്.യദുകൃഷ്ണ റാം, പ്രാർഥന എസ്.കൃഷ്ണ, സി.റിയോന, ആർ. രുദാജിത്ത്, എൽ.എസ്.സുമന, എ.എസ്.അശ്വിനി , വി.എസ്. അനുദേവ്, പിഎസ്.ശിവേന്ദു, നിയ രഞ്ജിത്ത്, പി.വി. അനുനന്ദ് രാജ് എന്നിവരാണ് അഭിനേതാക്കൾ. ഏറ്റത്തിലെ മാരിയെന്ന കഥാപാത്രം അവതരിപ്പിച്ച യദു കൃഷ്ണ റാമാണ് മികച്ച നടൻ."കുമരു' എന്ന നാടകത്തിലൂടെ കോക്കല്ലൂർ എച്ച്എസ്എസ് കഴിഞ്ഞ തവണ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. കഴിഞ്ഞ തവണ "കുമരു'വിലെ കുമരുവിനെ അവതരിപ്പിച്ച യദു കൃഷ്ണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.