തെരുവുകച്ചവടക്കാരില്‍ ആരോഗ്യ പ്രശ്നങ്ങള്‍ രൂക്ഷമെന്ന് പഠനം
1482167
Tuesday, November 26, 2024 5:53 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: കോഴിക്കോട്ടെ തെരുവുകച്ചവടക്കാരില്‍ ഭീതിദമായതോതിൽ ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നതായി പഠനം. അന്താരാഷ്ട്ര ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കുടിവെള്ളത്തിന്റെ കുറവുകാരണമുള്ള പ്രശ്നങ്ങളും തെരുവിലെ ചൂടുമൂലമുള്ള പ്രശ്നങ്ങളും തെരുവുകച്ചവടക്കാരുടെ ആരോഗ്യത്തിനു ഭീഷണി ഉയര്‍ത്തുന്നു. തെരുവുകളില്‍ കച്ചവടം നടത്തുന്നവരുടെ ആരോഗ്യസ്ഥതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
പ്രതികൂല കാലാവസ്ഥയില്‍ മണിക്കൂറുകളോളം തെരുവില്‍ മഴയത്തും വെയിലത്തുംനിന്ന് കച്ചവടം ചെയ്യുന്നവരാണ് ഇത്തരം തൊഴിലാളികള്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ബീച്ചിലും പാളയത്തുമെല്ലാം തെരുവുകച്ചവടക്കാര്‍ ഏറെയാണ്. 12 മുതല്‍ 14 മണിക്കൂര്‍ വരെ കച്ചവടം നടത്തുന്നവരാണ് ഇ
വര്.
വേണ്ടത്ര വിശ്രമോ ഇടവേളകളോ ഇല്ലാതെ ജോലിയില്‍ ഏര്‍പ്പെടുന്നവരാണ് തെരുവുകച്ചവടക്കാര്‍. വൃത്തിയില്ലാത്തതും മോശമായതുമായ സാഹചര്യത്തില്‍ ജോലി ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാവുന്നു. തെരുവുകച്ചവടക്കാരില്‍ സ്ത്രീകളും ഉണ്ട്. അവരുടെ ആരോഗ്യസ്ഥിതിയെയും തുടര്‍ച്ചയായ ജോലി ബാധിക്കുന്നുണ്ട്. പലതരം രോഗങ്ങള്‍ ഇവരെ പിടികൂടുന്നു.
സര്‍വേ നടത്തിയ എട്ട് സ്ത്രീകളില്‍ ഏഴുപേരും രക്തസമ്മര്‍ദത്തിന് അടിപ്പെട്ടതായി പഠനത്തില്‍ പറയുന്നു. ഉറക്കകുറവ് പ്രധാന പ്രശ്നമാണെന്ന് സര്‍വേയില്‍ പങ്കെടുത്ത വനിതാ കച്ചവടക്കാര്‍ പറഞ്ഞു. തുടര്‍ച്ചയായി വെയിലുകൊള്ളുന്നതുകാരണം മൈഗ്രെയ്ന്, അസിഡിറ്റി, ഹൈപര്‍ ടെന്ഷന്പോലുള്ള രോഗങ്ങള്‍ വനിതാ കച്ചവടക്കാരെ ബാധിച്ചതായി പഠനത്തില്‍ പറയുന്നു.
പാളയം, മിഠായിത്തെരുവ്, നടക്കാവ്, കൊയിലാണ്ടി, പയ്യോളി, ബാലുശേരി, വടകര തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന തെരുവുകച്ചവടക്കാരിലാണ് സര്‍വേ നടത്തിയത്. നാല്പതിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ളവരാണ് തെരുവുകച്ചവടത്തില്‍ ഏര്‍പ്പെട്ടവരില്‍ ഏറെപേരുമെന്ന് പഠനത്തില്‍ പറയുന്നു. മറ്റു വരുമാനമാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ എല്ലാ പ്രതിന്ധന്ധികളെയും അതിജീവിച്ച് ഈ രംഗത്തു പിടിച്ചുനില്ക്കാന് ഇവര്‍ നിര്‍ബന്ധിതരാവുകയാണെന്ന് പഠനത്തില്‍ പറയുന്നു.