ഗോത്രകുടുംബങ്ങളുടെ കുടിൽ പൊളിച്ചുമാറ്റി വനംവകുപ്പ്
1482164
Tuesday, November 26, 2024 5:53 AM IST
മാനന്തവാടി: വനാവകാശനിയമം പോലും കാറ്റിൽ പറത്തി ഗോത്രകുടുംബങ്ങളുടെ കുടിൽ പൊളിച്ചുമാറ്റി വനംവകുപ്പ്. തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലെ ബേഗൂരിലാണ് വിധവകളടക്കമുള്ള മൂന്ന് കുടുംബങ്ങൾ 16 വർഷമായി താമസിക്കുന്ന കൂരകൾ പൊളിച്ചു മാറ്റിയത്.
വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റേഞ്ചിലെ ബാവലി സെക്ഷനിലെ ബേഗൂർ കൊല്ലിമൂല പണിയ ഉന്നതിയിലെ വിധവകളടങ്ങുന്ന മൂന്നു കുടുംബങ്ങളുടെ കുടിലുകളാണ് വനംവകുപ്പ് പൂർണമായും പൊളിച്ചുമാറ്റിയത്. 16 വർഷമായി ഈ കുടുംബങ്ങൾ ഇവിടെ കുടിൽകെട്ടി താമസിക്കുകയാണ്. വീട് മറ്റൊരു സ്ഥലത്ത് വച്ചുതരാം എന്ന നിബന്ധനയോടെയാണ് വീട് പൊളിച്ചതെങ്കിലും മറ്റു സംവിധാനങ്ങളൊരുക്കാതെയാണ് കുടിലുകൾ പൊളിച്ചുമാറ്റിയത്. ഭക്ഷണം പാകമാകുന്നതിനുപോലും കാത്തുനിൽക്കാതെയാണ് വീട് പൊളിച്ചുനീക്കിയതെന്ന് കുടുംബങ്ങൾ ആരോപിച്ചു.
പത്താം ക്ലാസ് വിദ്യാർഥിയും കൈക്കുഞ്ഞുങ്ങളും അടക്കമുള്ള കുടുംബങ്ങൾ കഴിഞ്ഞദിവസം അന്തിയുറങ്ങിയത് കുടിലുകൾ പൊളിച്ചുമാറ്റിയ സ്ഥലത്താണ്.
ഗ്രാമപഞ്ചായത്ത് വർഷങ്ങൾക്കു മുന്പ് സ്ഥലമെടുത്ത് കൊല്ലിമൂലയിൽ ഗോത്രവിഭാഗങ്ങൾക്ക് വീടുവച്ച് നൽകിയിരുന്നു. ഇതിനു സമീപത്ത് വനത്തോട് ചേർന്ന സ്ഥലത്താണ് ഈ മൂന്നു കുടുംബങ്ങളും കുടിൽകെട്ടി കഴിഞ്ഞിരുന്നത്. ഈ കുടിലുകളാണ് വനംവകുപ്പ് പൊളിച്ച് നീക്കിയത്.
വർഷങ്ങളായി ഈ പ്രദേശത്ത് തന്നെ താമസിക്കുന്ന ഇവരുടെ കുടിലുകൾ പൊളിച്ചു നീക്കിയ സംഭവത്തിൽ വലിയ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. കുടുംബങ്ങൾ തോൽപ്പെട്ടി വന്യജീവി സങ്കേതത്തിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.