ഹലോ കാരശേരി; സ്കൂൾ റേഡിയോ സ്റ്റേഷന് തുടക്കമായി
1482731
Thursday, November 28, 2024 5:36 AM IST
മുക്കം: കഥകളും പാട്ടും വാർത്തയും വിശേഷങ്ങളുമായി സ്കൂൾ റേഡിയോ സ്റ്റേഷന് തുടക്കമായി. കാരശേരി എച്ച്എൻസികെഎംഎ യുപി സ്കൂളിലാണ് "കിഡീസ് റേഡിയോ 2024' ന് തുടക്കമായത്. കുട്ടി ആർജെമാരുടെ മധുരമൂറുന്ന ശബ്ദത്തിൽ ഇനി കലാവിരുന്നുകൾ അരങ്ങേറും.
സ്കൂളിലെ ഇടവേളകളെ ഫലപ്രദമായി ഉപയോഗിക്കുകയാണ് പദ്ധതി കൊണ്ട് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ദിവസേന ഊഴം വെച്ച് ക്ലാസ് തലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾ റേഡിയോ സ്റ്റേഷനിൽ വന്ന് പരിപാടികൾ അവതരിപ്പിക്കും.
പരിശീലനം ലഭിച്ച കുട്ടി ആർജെ മാരായിരിക്കും പരിപാടികൾ നിയന്ത്രിക്കുക. കഥകൾ, പാട്ടുകൾ, എന്നിവക്ക് പുറമെ ആനുകാലിക സംഭവങ്ങൾ, പ്രധാന വാർത്തകൾ, ചരിത്ര സംഭവങ്ങൾ, സാഹിത്യ ചർച്ചകൾ തുടങ്ങിയവയും അരങ്ങേറും. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ക്ലാസ് മുറികളിലിരുന്ന് പരിപാടികൾ ആസ്വദിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്കൂൾ റേഡിയോ സ്റ്റേഷന്റെ ഉദ്ഘാടനം താമരശേരി ഡിവൈഎസ്പി എ.പി. ചന്ദ്രൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് വി.പി ഷിഹാബ് അധ്യക്ഷത വഹിച്ചു.