ചെറായക്കോട് പാലം പ്രവൃത്തി മന്ത്രി ഉദ്ഘാടനം ചെയ്തു
1601756
Wednesday, October 22, 2025 5:39 AM IST
എടപ്പറ്റ: എടപ്പറ്റ-തുവൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഒലിപ്പുഴക്ക് കുറുകെ ചെറായക്കോട് കടവിൽ നിർമിക്കുന്ന പാലത്തിന്റെ പ്രവൃത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി 12.50 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലത്തിന് നാല് സ്പാനോടു കൂടി 65 മീറ്റർ നീളവും ഏഴര മീറ്റർ വീതിയുമുണ്ടാകും.
ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുമൊരുക്കും. നാഷണൽ ഹൈവേ അഥോറിറ്റിക്കാണ് നിർമാണച്ചുമതല. ചടങ്ങിൽ അഡ്വ. യു.എ. ലത്തീഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ സി.എച്ച്. അബ്ദുൾ ഗഫൂർ റിപ്പോർട്ട് അവതരിപ്പിച്ചു.
എ.പി. അനിൽകുമാർ എംഎൽഎ, എടപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ. കബീർ, തുവൂർ പഞ്ചായത്ത് പ്രസിഡന്റ് ജസീന, കെ.എം. ഷാനവാസ്, എൻ.പി. മുഹമ്മദലി, പിഡബ്ല്യുഡി ഉത്തരമേഖല ദേശീയപാത വിഭാഗം സൂപ്രണ്ട് എൻജിനിയർ സി. രാജേഷ് ചന്ദ്രൻ, ജി.കെ. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.