കയറ്റുമതി സാധ്യത; ശില്പശാല സംഘടിപ്പിച്ചു
1601748
Wednesday, October 22, 2025 5:35 AM IST
മലപ്പുറം: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ അഭിവൃദ്ധിയും ഉന്നമനവും ലക്ഷ്യമിട്ടുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത റാന്പ് പദ്ധതിയുടെ ഭാഗമായി സംരംഭകർക്കായി ഏറനാട് താലൂക്ക് വ്യവസായ ഓഫീസ് ഏകദിന കയറ്റുമതി ശില്പശാല സംഘടിപ്പിച്ചു. ഇന്ത്യൻ ഉത്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിൽ എത്തിക്കുന്നതിനുള്ള സാധ്യതകളും നടപടിക്രമങ്ങളും സംബന്ധിച്ച് സംരംഭകരെ ബോധവത്കരിക്കുക എന്നതായിരുന്നു ശില്പശാലയുടെ മുഖ്യലക്ഷ്യം.
മലപ്പുറം വുഡ്ബൈൻ ഫോളിയേജിൽ നടന്ന വർക്ക്ഷോപ്പ് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.
ഡിജിഎഫ്ടി കൊച്ചിൻ വിദേശ വ്യാപാരം അസിസ്റ്റന്റ് കമ്മീഷണർ ഹസൻ ഉസൈദ് ഐടിഎസ്, എഫ്ഐഇഒ കേരള ചാപ്റ്റർ അസിസ്റ്റന്റ് ഡയറക്ടർ എം.സി. രാജീവ്, ഇസിജിസി എക്സിക്യൂട്ടീവ് ഓഫീസർ കെ.എസ്. ആനന്ദ്, എക്സ്പോർട്ട് ആൻഡ് ഇംപോർട്ട് ലോജിസ്റ്റിക് ട്രെയിനർ കെ.ജെ. ബോണിഫസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
മലപ്പുറം ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സൂരജ് ബാബു, കെഎസ്എസ്ഐഎ ജോയിന്റ് സെക്രട്ടറി പി.എം.സാദിഖ്, ഏറനാട് ഉപജില്ലാ വ്യവസായ ഓഫീസർ എം. ശ്രീരാജ്, കൊണ്ടോട്ടി ബ്ലോക്ക് ആൻഡ് മുനിസിപ്പാലിറ്റി വ്യവസായ വികസന ഓഫീസർ നിസാം കെ. കാരി,
അരീക്കോട് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ഇ.ഇ. ജസില, മഞ്ചേരി നഗരസഭാ വ്യവസായ വികസന ഓഫീസർ എൻ. സന്തോഷ് കുമാർ, മലപ്പുറം നഗരസഭാ വ്യവസായ വികസന ഓഫീസർ പി.പി. സിത്താര എന്നിവർ സംസാരിച്ചു. 74 സംരംഭകർ ശില്പശാലയിൽ പങ്കെടുത്തു.