അസ്ഥികൂടം : പോലീസ് അന്വേഷണം തുടങ്ങി
1600347
Friday, October 17, 2025 5:20 AM IST
മഞ്ചേരി : ചെരണിയിൽ കെട്ടിടത്തിന്റെ ടെറസിനു മുകളിൽ രണ്ട് മാസത്തോളം പഴക്കമുള്ള പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കെട്ടിടത്തിൽ താമസിച്ചിരുന്നവരെയും സമീപത്തെ പ്രദേശങ്ങളിലെ അതിഥി തൊഴിലാളികളെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുന്നു. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കും.
മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയ അസ്ഥികൂടത്തിന്റെ ഫൊറൻസിക് പരിശോധന തുടങ്ങിയിട്ടില്ല. അസ്ഥികൂടം പ്രത്യേക ലായനി ഉപയോഗിച്ചു കഴുകി വൃത്തിയാക്കിയ ശേഷമായിരിക്കും പരിശോധന തുടങ്ങുക. നിലവിൽ വെള്ളത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.
അസ്ഥികളിൽ എന്തെങ്കിലും പരുക്കുണ്ടോ, ഡിഎൻഎ പരിശോധന ആവശ്യമാണോ തുടങ്ങിയവ അറിയാൻ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ഫൊറൻസിക് അധികൃതർ പറഞ്ഞു. ചെരണി പ്ലൈവുഡ് റോഡിനു സമീപത്തെ കെട്ടിടത്തിന്റെ ടെറസിലാണ് ചൊവ്വ വൈകിട്ട് എട്ടരയോടെ അസ്ഥികൂടം കണ്ടെത്തിയത്.