കാളികാവിൽ ഹരിതം കിസാൻ മേള സംഘടിപ്പിച്ചു
1600344
Friday, October 17, 2025 5:20 AM IST
കാളികാവ് : കാർഷിക വിജ്ഞാന പൊലിമ തീർത്ത് കാളികാവിൽ ഹരിതം കിസാൻ മേള സംഘടിപ്പിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കാളികാവ് ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹരിതം കിസാൻ മേള സംഘടിപ്പിച്ചത്.
കാളികാവ് വി.പി. ആർക്കേഡിൽ നടന്ന മേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമ്മു ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസത്തെ കാർഷിക വിജ്ഞാന വ്യാപന പ്രദർശന വിപണന മേളയാണ് സംഘടിപ്പിച്ചത്.
ഉദ്ഘാടനത്തിന് മുന്നോടിയായി, കർഷകരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവർത്തകരും ചേർന്ന്, കാളികാവ് ബസ്സ് സ്റ്റാൻഡ് ജംഗ്ഷൻ മുതൽ മേള നഗരിവരെ, വാദ്യാഘോഷങ്ങളോടെ വിളംബര ഘോഷയാത്രയും സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ ബീഗം അധ്യക്ഷത വഹിച്ചു. കാർഷിക സെമിനാറിൽ, ‘ഭക്ഷ്യ സംസ്ക്കരണം’ എന്ന വിഷയത്തിൽ വണ്ടൂർ സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസർ ജസീല ഷുക്കൂർ ക്ലാസെടുത്തു.
ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ അഞ്ചച്ചവിടി ഗവ. ഹൈസ്കൂളിലെ പി.കെ. നിഷാൻ, മുഹമ്മദ് റയാൻ എന്നിവർ ഒന്നാംസ്ഥാനം നേടി. തുവ്വൂർ ജിഎച്ച്എസിലെ ടി.പി. മുഹമ്മദ് അഫ്നാൻ , പി.എം. പ്രവീൺ ദാസ്. എന്നിവർ രണ്ടും വെള്ളിയഞ്ചേരി എഎസ്എം ഹൈസ്കൂളിലെ പി.കെ. ഫൈഹ, കെ.കെ. മർവ്വഷെറിൻ എന്നിവർ മൂന്നാം സ്ഥാനവും നേടി.
കൃഷി ഡെപ്യൂട്ടി ഡയറക്ടർ മിനി ജോസഫ്, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം. ലത്തീഫ്. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ റഫീഖ മറ്റത്തൂർ, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. ശ്രീജ , സിബി വർഗീസ്, കെ. രാജൻ, പി.കെ. ഷൈലേഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്. സുധ, കാളികാവ് കൃഷി ഓഫീസർ വി.എം. സമീർ തുടങ്ങിയവർ പ്രസംഗിച്ചു.