പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
1600346
Friday, October 17, 2025 5:20 AM IST
പെരിന്തല്‍മണ്ണ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ ഒത്താശ ചെയ്ത ഒരാള്‍ കൂടി അറസ്റ്റില്‍. പെരിന്തല്‍മണ്ണയിലെ ലോഡ്ജ് നടത്തിപ്പുകാരനെയാണ് കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മാതാവിന്റെ സഹായത്തോടെ പ്രലോഭിപ്പിച്ച് ലോഡ്ജ് മുറിയിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
ലോഡ്ജ് നടത്തിപ്പുകാരനായ താഴേക്കോട് സ്വദേശി കുന്നപ്പള്ളി വീട്ടിൽ അൻഷാദ് (33) എന്നയാളെയാണ് പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഈ കേസില്‍ മുഖ്യപ്രതികളായ കുട്ടിയുടെ മാതാവുള്‍പ്പടെ രണ്ടുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിൽ ആണ്. പെൺകുട്ടിയെ പല ദിവസങ്ങളിലായി പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്തതായി പെൺകുട്ടി പരാതിയില്‍ പറഞ്ഞിരുന്നു.
പ്രതികളെ കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു കൂടുതൽ ചോദ്യം ചെയ്തതിലാണ് പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപ്പാസ് ജംഗ്ഷനിലുള്ള ലോഡ്ജിലെ മാനേജരും നടത്തിപ്പുകാരനുമായ അൻഷാദ് എന്നയാളെ അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രതി ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുവന്ന സമയത്ത് തിരിച്ചറിയല്‍രേഖകള്‍ വാങ്ങാതെയും പരിശോധിക്കാതെയും റൂം കൊടുക്കുകയും പ്രതിക്ക് സഹായം ചെയ്തുകൊടുക്കുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ തന്നെ പോലീസ് സംഘത്തിന് ബോധ്യപ്പെട്ടിരുന്നു.
കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമവും ഭാരതീയന്യായസംഹിത വകുപ്പുകളുമാണ് പ്രതിയ്ക്കെതിരേ ചുമത്തിയിട്ടുള്ളത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. പെരിന്തല്‍മണ്ണ ടൗണിലും പരിസരങ്ങളിലുമുള്ള ലോഡ്ജുകളിലും റിസോര്‍ട്ടുകളിലും പോലീസ് പരിശോധന ശക്തമായിതന്നെ തുടരുമെന്നും തിരിച്ചറിയല്‍ രേഖകള്‍ വാങ്ങാതെ നിയമവിരുദ്ധപ്രവര്ത്തനങ്ങളിലേര്പ്പെടാന് സഹായം ചെയ്യുന്ന ലോഡ്ജ് നടത്തിപ്പുകാരുടെ പേരില്‍ കര്‍ശനനടപടികള്‍ സ്വീകരിക്കുമെനനും പെരിന്തല്‍മണ്ണ ഡിവൈസ്പി എ. പ്രേംജിത്ത് അറിയിച്ചു.