പെരിന്തൽമണ്ണ ഫയർ സ്റ്റേഷനിലെ സൗകര്യം വർധിപ്പിക്കണമെന്ന്
1545016
Thursday, April 24, 2025 5:23 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഫയർ സ്റ്റേഷനിലെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന്് മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇന്നലെ പുലർച്ചെ നഗരത്തിലെ ടാലന്റ് ബുക്ക് സ്റ്റാളിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ പ്രയത്നിച്ച ഫയർ സ്റ്റേഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥരെ അസോസിയേഷൻ അഭിനന്ദിച്ചു. തീ അണക്കാൻ ആവശ്യമായ വെള്ളം നൽകിയ മൗലാന ഹോസ്പിറ്റൽ ഉടമ റഷീദിനെയും യോഗം അഭിനന്ദിച്ചു.
അതേസമയം പെരിന്തൽമണ്ണ ഫയർ യൂണിറ്റിൽ അത്യാവശ്യം വേണ്ട ഉപകരണങ്ങൾ ഇല്ലാത്തതും ജലലഭ്യത കുറവും നേരിട്ടു. അതിനാൽ ഫയർ സ്റ്റേഷനിലെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും മൂന്നു യൂണിറ്റുകൾ മാത്രം പ്രവർത്തിക്കുന്ന പെരിന്തൽമണ്ണ ഫയർ സ്റ്റേഷനിൽ മതിയായ സാമഗ്രികളും ജീവനക്കാരും ഇല്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
അപകടങ്ങൾ ഉണ്ടായാൽ മറ്റ് യൂണിറ്റുകളിൽ നിന്ന് സാമഗ്രികൾ എത്തിക്കേണ്ട അവസ്ഥയാണുള്ളത്. സർക്കാർ അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണമെന്ന് പെരിന്തൽമണ്ണ മർച്ചൻസ് അസോസിയേഷൻ സെക്രട്ടറിയറ്റ് യോഗം ആവശ്യപ്പെട്ടു.
അഗ്നിബാധ നേരിട്ട ടാലന്റ്് ബുക്ക് സ്റ്റാൾ തുറന്നു പ്രവർത്തിക്കാൻ സാന്പത്തിക സഹായം നൽകാൻ മർച്ചന്റ്സ് അസോസിയേഷൻ യോഗം തീരുമാനിച്ചു. പെരിന്തൽമണ്ണയിൽ നിരന്തരം ഉണ്ടാകുന്ന വൈദ്യുതി പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ കഐസ്ഇബിക്ക് നിവേദനം നൽകി.
യോഗത്തിൽ പ്രസിഡന്റ് പി.ടി.എസ്. മൂസു അധ്യക്ഷതവഹിച്ചു. സെക്രട്ടറി സി.പി. മുഹമ്മദ് ഇക്ബാൽ, ചമയം ബാപ്പു, യൂസഫ് രാമപുരം, ലിയാകത്തലിഖാൻ, പി.പി. സൈതലവി, കെ.പി. ഉമ്മർ, ഗഫൂർ വള്ളൂരാൻ, ഹാരിസ് ഇന്ത്യൻ, ഷൈജൽ, ഒമർ, റഷീദ് ഇലക്ട്രോ, ജമീല ഇസുദ്ദീൻ, കാജാ മുഹിയുദീൻ, ഇബ്രാഹിം കാരയിൽ തുടങ്ങിയവർ പങ്കെടുത്തു.
സംഭവസ്ഥലം പി.കുഞ്ഞാവുഹാജി, ജില്ലാ ജനറൽ സെക്രട്ടറി കുഞ്ഞുമുഹമ്മദ്, ജില്ലാ ഭാരവാഹികളായ പി.പി. ബഷീർ, മജീദ് പൂക്കോട്ടുപാടം എന്നിവരോടൊപ്പം യൂണിറ്റ് ഭാരവാഹികളും സന്ദർശിച്ചു.