പെരിന്തല്‍മണ്ണ കാദറലി സെവന്‍സ് ഫൈനല്‍ ഇന്ന്
1496024
Friday, January 17, 2025 5:13 AM IST
പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണ നെഹ്റു ഫ്ള്ഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന കാദറലി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഇന്ന് നടക്കും. 24 ടീമുകള്‍ പങ്കെടുത്ത മത്സരം ഒരുമാസം നീണ്ടുനിന്നു. മലപ്പുറം ജില്ലയിലെ രണ്ട് പ്രമുഖ ടീമുകളായ ഫിഫ മഞ്ചേരിയും ജൂബിലി എഫ്സി അഭിലാഷ് കുപ്പൂത്തും തമ്മിലാണ് കലാശപ്പോരാട്ടം.
കരുത്തരായ റിയല്‍ എഫ്സി തെന്നലയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഫിഫ മഞ്ചേരി ഫൈനലിലെത്തിയത്. രണ്ടാം സെമിയില്‍ ശക്തരായ മലപ്പുറം സൂപ്പര്‍ സ്റ്റുഡിയോയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജൂബിലി എഫ്സി അഭിലാഷ് കുപ്പൂത്ത് കലാശക്കളിക്ക് യോഗ്യത നേടിയത്.
ഈ ചാമ്പ്യന്‍ഷിപ്പിനൊപ്പം നടന്ന പച്ചീരി ഉസ്മാന് മെമ്മോറിയല്‍ വെറ്ററന്‍സ് (50 വയസിനു മുകളില്‍) ഫുട്ബോള്‍ ടൂര്‍ണമെന്റ് ഫൈനലും ഇന്ന് നടക്കും. ഫുട്ബോള്‍ ക്ലബ് ഫറൂക്കും കനോലി പെരിന്തല്‍മണ്ണയും തമ്മിലാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.
ഇന്ന് നടക്കുന്ന ഫൈനല്‍ മത്സരത്തിന്റെ തിരക്ക് നിയന്ത്രിക്കുന്നതിനായി ടിക്കറ്റ് കൗണ്ടറുകളില്‍നിന്നും വൈകുന്നേരം നാല് മുതലും പെരിന്തല്‍മണ്ണ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കിന്റെ ഊട്ടി റോഡിലുള്ള മെയിന്‍ ശാഖയില്‍നിന്ന് രാവിലെ പത്തു മുതലും ടിക്കറ്റ് വില്‍പ്പന ഉണ്ടായിരിക്കുമെന്ന് ടൂര്‍ണമെന്റ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
സമാപന ചടങ്ങില്‍ പി. അബ്ദുള്‍ ഹമീദ് എംഎല്‍എ, നഗരസഭ അധ്യക്ഷന്‍ പി. ഷാജി, എഡിഎം എന്‍.എം. മെഹറലി തുടങ്ങിയ വിശിഷ്ടാതിഥികള്‍ പങ്കെടുക്കും. ക്ലബിന്റെ ജീവകാര്യുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇഎംഎസ് വിദ്യാഭ്യാസ കോംപ്ലക്സിലേക്ക് 200000 രൂപ ചടങ്ങില്‍ വിതരണം ചെയ്യും.