മലപ്പുറം മരിയന്‍ ധ്യാനകേന്ദ്രം തുറന്നു : പ്രത്യാശയോടെ മുന്നോട്ടു പോകണം: ഡോ. വര്‍ഗീസ് ചക്കാലക്കല്‍
1495723
Thursday, January 16, 2025 5:24 AM IST
മലപ്പുറം: ദൈവത്തോട് അടുത്ത ബന്ധം പുലര്‍ത്തി പ്രത്യാശയോടെ മുന്നോട്ടു പോകാന്‍ കഴിയണമെന്ന് കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. മലപ്പുറം മുണ്ടുപറമ്പില്‍ പുതുതായി ആരംഭിച്ച മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ വെഞ്ചെരിപ്പ് കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറത്ത് എല്ലാ സൗകര്യങ്ങളോടെയുമുള്ള ധ്യാനകേന്ദ്രം വേണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു. അതാണിപ്പോള്‍ സാധ്യമായിരിക്കുന്നത്. നേരത്തെ മലപ്പുറം ജൂബിലി റോഡില്‍ ധ്യാന കേന്ദ്രം ഉണ്ടായിരുന്നു. പിന്നീട് അതിവിപുലമായ രീതിയില്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെ പുതിയ മന്ദിരം നിര്‍മിക്കാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹത്താലാണ്.
ദൈവത്തിനുവേണ്ടി വിളിക്കപ്പെട്ടവരാണ് നമ്മള്. 2025 ജൂബിലി വര്‍ഷമായി ആചരിക്കുന്ന വേളയില്‍ ക്രിസ്തുവിനെ, സഭയെ, വിശ്വാസത്തെ ആഘോഷിക്കുന്ന ഇടമായി ഈ ധ്യാനകേന്ദ്രം മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഈ റിട്രീറ്റ് സെന്റര്‍ വടക്കന്‍ സൂസന് വര്‍ഗീസിന്റെ സ്വപ്ന സാക്ഷത്ക്കാരമാണെന്ന് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വ്യക്തമാക്കി.
മരണാനന്തരം ജീവിതമില്ലെന്ന് പറയുന്നവരുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ്. മരണത്തെ തോല്‍പ്പിച്ച് പ്രത്യാശയുടെ ചിറകിലേറിയാണ് യേശു ഉയിര്ത്തേഴുന്നേറ്റത്. പ്രത്യാശയുടെ വിശ്വാസം നിലനിര്‍ത്താന്‍ കഴിയണമെന്നും ബിഷപ് പറഞ്ഞു.
ധ്യാനകേന്ദ്രം ക്രിസ്തു സാക്ഷ്യത്തിന്റെ വറ്റാത്ത ഉറവായായി മാറട്ടെയെന്ന് വികാരി ജനറാള്‍ മോണ്‍. ജന്സന് പുത്തന്‍വീട്ടില്‍ ആശംസിച്ചു. നേരത്തെ വൈദിക മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഡോ. വര്‍ഗീസ് ചക്കാലക്കല്‍ നിര്‍വഹിച്ചു. കോഴിക്കോട് ഫൊറോന വികാരി ഡോ. ജെറോം ചിങ്ങംതറ, രൂപത ഫിനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. പോള്‍ പേഴ്സി, ചാന്‍സലര്‍ ഫാ. സജീവ് വര്‍ഗീസ്, മലപ്പുറം ഫൊറോന വികാരി മോണ്‍. വിന്‍സന്റ് അറക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ധ്യാനകേന്ദ്രത്തിനുവേണ്ടി സഹായ സഹകരണങ്ങള്‍ നല്‍കിയവര്‍ക്ക് ഡയറക്ടര്‍ ഫാ. ജീവന് വര്‍ഗീസ് തൈപ്പറമ്പില്‍ നന്ദി പറഞ്ഞു. വിശിഷ്ട വ്യക്തികള്‍ക്ക് വര്‍ഗീസ് ചക്കാലക്കല്‍ ഉപഹാരം കൈമാറി. കോഴിക്കോട് രൂപതയുടെ നേതൃത്വത്തിലാണ് ധ്യാനകേന്ദ്രം സ്ഥാപിതമായത്. രാവിലെ 10.30ന് മരിയന്‍ ഗ്രോട്ടോയില്‍ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ വൈദികരുടെയും സന്യസ്തരുടെയും അല്മായരുടെയും സാന്നിധ്യത്തില്‍ മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ. ജീവന് വര്‍ഗീസ് തൈപറപ്പമ്പില് ഡോ. വര്‍ഗീസ് ചക്കാലക്കലിനെ സ്വീകരിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട് ഫൊറോനകളിലെ വൈദികരും വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സന്യസ്തരും പങ്കെടുത്തു. ഹവിരുന്നോടെയാണ് പരിപാടി സമാപിച്ചത്. തുടര്‍ന്ന് ആരാധനയും വചനപ്രഘോഷണവും ഉണ്ടായിരുന്നു.