കാണാതായ പതിനാലുകാരിയെ ഹൈദരാബാദില്‍നിന്ന് കണ്ടെത്തി
1485628
Monday, December 9, 2024 6:24 AM IST
കാളികാവ്: കാണാതായ ആസാം സ്വദേശിയായ പെണ്‍കുട്ടിയെ കാളികാവ് പോലീസ് ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. നവംബര്‍ 28നാണ് കുടുംബത്തോടൊപ്പം താമസിക്കുന്ന പെണ്‍കുട്ടി കാളികാവ് പള്ളിശേരിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ നിന്നിറങ്ങി പോയത്.
കാളികാവില്‍ നിന്ന് മഞ്ചേരി, പെരിന്തല്‍മണ്ണ, കോയമ്പത്തൂര്‍ വരെ ബസിലും തുടര്‍ന്ന് ട്രെയിനിലും യാത്ര ചെയ്താണ് ഹൈദരാബാദില്‍ എത്തിയത്. ഹൈദരാബാദില്‍ താമസിക്കുന്ന ആസാം സ്വദേശിയായ ഒരു കുടുംബത്തോടൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഹൈദരാബാദില്‍ നിന്ന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഒരു ഫോണ്‍കോള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനിടയിലാണ് കുട്ടിയെ കിട്ടിയത്.
പെണ്‍കുട്ടിയെ ഇന്ന് മെഡിക്കല്‍ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നിലമ്പൂര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജി. ബാലചന്ദ്രന്റെ നിര്‍ദേശപ്രകാരം അന്വേഷണ സംഘം രൂപീകരിക്കുകയും സംഘാംഗങ്ങളായ സബ് ഇന്‍സ്പെക്ടര്‍ ശശിധരന് വിളയില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി. അബ്ദുള്‍സലീം, സിവില്‍ പോലീസ് ഓഫീസര്‍ യു. ജിഷ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.