പ്രകൃതി സൗഹൃദ പാഠങ്ങള്‍ പകര്‍ന്ന് ഹരിതസേന സഹവാസ ക്യാമ്പ് സമാപിച്ചു
1485621
Monday, December 9, 2024 6:24 AM IST
നിലമ്പൂര്‍: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്കൂളുകളിലെ ദേശീയ ഹരിതസേന അംഗങ്ങള്‍ക്ക് നാഷണല്‍ നാച്വര്‍ ക്യാമ്പിംഗ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ത്രിദിന പ്രകൃതി പഠന സഹവാസ ക്യാമ്പ് അവസാനിച്ചു.
നിലമ്പൂര്‍ നെടുങ്കയത്തെ കരിമ്പുഴ വന്യജീവി സങ്കേതത്തില്‍ നടന്ന ക്യാമ്പ് ജില്ലാ കളക്ടറും ദേശീയ ഹരിതസേന ജില്ലാ ചെയര്‍മാനുമായ വി.ആര്. വിനോദ് ഉദ്ഘാടനം ചെയ്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാനും പ്ലാസ്റ്റിക് മാലിന്യമുക്തമായ നാടും നഗരവും സൃഷ്ടിക്കാനും വിദ്യാര്‍ഥികള്‍ ഒന്നിക്കണമെന്ന് കളക്ടര്‍ ആഹ്വാനം ചെയ്തു. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും പരിസ്ഥിതി പഠനത്തിനും പ്രവര്‍ത്തനത്തിനും ആവശ്യമായ പ്രോജക്ടുകള്‍ ഹരിതസേനയുടെ കീഴില്‍ സംഘടിപ്പിക്കുന്നതിനെ കളക്ടര്‍ അനുമോദിച്ചു.
സബ് കളക്ടര്‍ അപൂര്‍വ ത്രിപാതി മുഖ്യപ്രഭാഷണം നടത്തി. നിലമ്പൂര്‍ സൗത്ത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറും കരിമ്പുഴ വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ജി. ധനിക് ലാല്‍ ക്യാമ്പ് അംഗങ്ങള്‍ക്കുള്ള കിറ്റ് വിതരണം നടത്തി. ഡെപ്യൂട്ടി കളക്ടര്‍ പി. അന്‍വര്‍ സാദത്ത്, കരുളായി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.കെ. മുജീബ് റഹ്മാന്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പി.എന്‍. രാഗേഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍. ശിഹാബുദ്ദീന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.
കുട്ടികളിലെ സര്‍ഗപരമായ കഴിവുകളെ പരിസ്ഥിതി വിജ്ഞാനീയത്തിലേക്ക് കൊണ്ടുവരാനും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ സ്വസ്ഥമായ ജീവിതാവസ്ഥ തിരിച്ചുപിടിക്കാനും ഉദ്ദേശിച്ചുള്ളതാണ് നാഷണല്‍ നാച്വര്‍ ക്യാമ്പിംഗ് പ്രോഗ്രാം. ജില്ലയിലെ അഞ്ഞൂറില്‍പ്പരം വിദ്യാലയങ്ങളില്‍ നിന്ന് മികച്ച പ്രവര്‍ത്തനം നടത്തിവരുന്ന 25 വിദ്യാലയങ്ങളില്‍ നിന്നുള്ള 50 വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.