ആലിപ്പറമ്പില്‍ "ബാല്യം, ബലിഷ്ഠം' പദ്ധതി
1485774
Tuesday, December 10, 2024 4:58 AM IST
ആലിപ്പറമ്പ്: ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്സറിയുമായി ചേര്‍ന്നു നടപ്പാക്കുന്ന "ബാല്യം, ബലിഷ്ഠം’ പദ്ധതി വാഴേങ്കട സൗത്ത് എഎംഎല്‍പി സ്കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്സല് ഉദ്ഘാടനം ചെയ്തു. പ്രതിരോധശേഷിയും ഭാരക്കുറവുമുള്ള കുട്ടികളെ സ്ക്രീനിംഗ് നടത്തി വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിച്ച് ആയുര്‍വേദ മരുന്നുകള്‍ സൗജന്യമായി നല്കുന്ന പദ്ധതിയാണ് ബാല്യം ബലിഷ്ഠം. കൃത്യമായ ഇടവേളകളില്‍ കുട്ടികളെ പരിശോധിച്ചു മരുന്നു നല്‍കും.
ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം ഭക്ഷണക്രമവും മരുന്നുകളും നല്കി വാഴേങ്കട ആയുര്‍വേദ ഡിസ്പെന്സറിയില് ഡോക്ടറെ സന്ദര്‍ശിച്ച് കുട്ടികളുടെ പുരോഗതി വിലയിരുത്തേണ്ടതാണെന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജമോള്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സി.എച്ച്. ഹമീദ്, സി.പി. ഹംസക്കുട്ടി, മെന്പര് പി.പി. രാജേഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.രശ്മി, ഡോ.എം. നിഖില്‍ ദാസ്, പ്രധാനാധ്യാപിക മീന, രജിത, എം.സി. ആഷിം എന്നിവര്‍ സംബന്ധിച്ചു.