തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകള്‍ വൈകരുത്: താലൂക്ക് സഭ
1485627
Monday, December 9, 2024 6:24 AM IST
പെരിന്തല്‍മണ്ണ: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം തദ്ദേശ സ്ഥാപനങ്ങളില്‍ നടന്ന നിര്‍മാണ പ്രവൃത്തികളുടെ ബില്ലുകള്‍ വൈകുന്ന സാഹചര്യം ഇത്തവണ ആവര്‍ത്തിക്കാതിരിക്കാനും സമര്‍പ്പിക്കുന്ന മുറയ്ക്ക് യഥാസമയം ബില്ലുകളും ചെക്കുകളും മാറ്റി നല്കാന് ശ്രദ്ധിക്കണമെന്നും പെരിന്തല്‍മണ്ണ താലൂക്ക് സഭായോഗത്തില്‍ അധ്യക്ഷത വഹിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ ആവശ്യപ്പെട്ടു.
കഴിഞ്ഞ മാര്‍ച്ചില്‍ പല പഞ്ചായത്തുകള്‍ക്കും പണം ലഭിക്കാത്തതില്‍ വന്‍ നഷ്ടം വരുത്തിവച്ചതായും അദ്ദേഹം ശ്രയില്പ്പെടുത്തി. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ കെട്ടിടങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് മേല്‍പ്പാലമോ അടിപ്പാതയോ നിര്‍മിക്കണമെന്ന് ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു.
എക്സൈസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ക്രിസ്മസ് അവധിക്ക് ശേഷം ഹൈസ്കൂളിലും ഹയര്‍സെക്കന്‍ഡറി സ്കൂളിലും ലഹരിവിരുദ്ധ ബോധവത്കരണം ശക്തിപ്പെടുത്താനും നിര്‍ദേശിച്ചു. കാര്യവട്ടത്ത് വില്ലേജ് ഓഫീസര്‍ ഇല്ലാത്തതിനാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് വെട്ടത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ ആവശ്യപ്പെട്ടു.
പൊന്ന്യാകുര്‍ശി ദുബായിപ്പടിയിലെ അങ്കണവാടിക്ക് സമീപം സ്വകാര്യവ്യക്തിയുടെ മതില് തകര്‍ന്ന് വീഴാറായ വിഷയം ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി ഏഴ് ദിവസത്തിനകം തീരുമാനമെടുക്കാന്‍ നഗരസഭ അധികൃതരെ ചുമതലപ്പെടുത്തി. തഹസില്‍ദാര്‍ ഹാരീസ് കപ്പൂര്‍, ഭൂരേഖാ തഹസില്‍ദാര്‍ വേണുഗോപാലന്‍, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ കരീം, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഷഹീദ, കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍മജീദ്, രാഷ്ട്രീയ പ്രതിനിധികള്‍, താലൂക്ക്തല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.