മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡ്രഗ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചു
1485780
Tuesday, December 10, 2024 4:58 AM IST
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജ് എന്‍എസ്എസ് ഒരുക്കിയ സൗജന്യ മരുന്ന് വിതരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങി. ഒപികളില്‍ നിന്ന് ലഭിക്കാത്ത മരുന്നുകളാണ് നല്‍കുക. മെഡിക്കല്‍ കോളജിലെ എന്‍എസ്എസ് യൂണിറ്റ് വോളണ്ടിയര്‍മാരുടെ രണ്ടുവര്‍ഷത്തെ പരിശ്രമത്തിന് ഒടുവിലാണ് ഡ്രഗ് ബാങ്ക് ഒരുക്കാനായത്.
മരുന്ന് സംഭരണ കേന്ദ്രത്തിന് സമീപത്താണ് ഡ്രഗ് ബാങ്ക്. ജീവിതശൈലി രോഗങ്ങള്‍, ആന്റി ബയോട്ടിക്കുകള്‍, ഡിസ്പോസിബിള്‍സ്, സപ്പോര്‍ട്ടീവ് മരുന്നുകള്‍ രണ്ടാഴ്ചത്തേക്ക് തീര്‍ത്തും സൗജന്യമായി നല്‍കും. ആശുപത്രിയില്‍ ലഭിക്കാത്തും വിലകൂടിയതുമായ മരുന്നുകള്‍ക്കായി സ്വകാര്യ സ്റ്റോറുകളെയാണ് രോഗികള്‍ ആശ്രയിച്ചിരുന്നത്. ഡ്രഗ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങുന്നതോടെ നിര്‍ധന രോഗികള്‍ക്ക് ആശ്വാസമാകും. എല്ലാ ദിവസവും ഉച്ചക്ക് 12 മുതല്‍ ഒരു മണി വരെ ഡ്രഗ് ബാങ്കിലൂടെ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യും.
ഡ്രഗ് ബാങ്ക് ഉദ്ഘാടനം അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ നിർവഹിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. അനില്‍രാജ് അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ഷീന ലാല്‍ ആദ്യ മരുന്ന് വിതരണം നിര്‍വഹിച്ചു. ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. ഉഷ, ഐഎംഎ പ്രസിഡന്റ് ഡോ. രാജേഷ്, ഇഹ്സാന്‍ ചാരിറ്റബിള്‍ സെന്റര്‍ ചെയര്മാന് കൊടവണ്ടി ഹമീദ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ലെവീസ് വസീം, ഡോ. അഷറഫ്, യൂണിറ്റ് സെക്രട്ടറി ഹിഷാം ഹംസ എന്നിവര്‍ പ്രസംഗിച്ചു.