വന്യമൃഗശല്യം തടയാന്‍ വനം, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ രംഗത്ത്
1485337
Sunday, December 8, 2024 5:53 AM IST
നിലമ്പൂര്‍: രൂക്ഷമായ വന്യമൃഗശല്യം തടയുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥരും തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥരും സംയുക്തമായി വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷന് കീഴിലുള്ള വനമേഖല സന്ദര്‍ശിച്ചു. വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷെരീഫ് പനോലന്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക് എഇ കെ.എ. സാജിദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.
വനംവകുപ്പ് സ്ഥാപിച്ച സൗരവേലിക്ക് സമീപം തൊഴിലുറപ്പ് പദ്ധതിയിലൂടെ മണ്ബണ്ടും കല്ല് കയ്യാലയും നിര്‍മിച്ച് പരമാവധി വന്യമൃഗശല്യം തടയാനാണ് സംഘം തീരുമാനിച്ചത്. ആദ്യഘട്ടമെന്ന നിലക്ക് നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന് വഴിക്കടവ് റേഞ്ചിന് കീഴിലുള്ള നെല്ലിക്കുത്ത് വനമേഖലയിലാണ് മണ്‍ബണ്ട് നിര്‍മിക്കുന്നത്. വന്യമൃഗശല്യം തടയുന്നതിനായി തൊഴിലുറപ്പ് പദ്ധതിയിലൂടെ ഏറ്റെടുക്കാവുന്ന പരമാവധി പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിന് വനാതിര്‍ത്തി പങ്കിടുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലമ്പൂര്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എ.ജെ. സന്തോഷ് അറിയിച്ചു.
അതിനായി ജോയിന്റ് ബിഡിഒ എസ്. സതീഷിനെ ചുമതലപ്പെടുത്തി. നെല്ലിക്കുത്ത് ഫോറസ്റ്റ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ലാല്‍ വി. നാഥ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴിക്കടവ് ഗ്രാമപഞ്ചായത്ത് എഇ ടി.എം. അഖില്‍, ഓവര്‍സിയര്‍ വിശ്വംഭരന്, ഫോറസ്റ്റ് വാച്ചര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.