തിരൂര്‍ക്കാട്ട് ലോറിയിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു
1484521
Thursday, December 5, 2024 4:30 AM IST
തീര്ക്കാട്: തിരൂര്‍ക്കാട് സ്കൂള്‍ പടിയില്‍ ബസിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് മലപ്പുറം ഭാഗത്തുനിന്ന് വന്ന ലോറിയിടിച്ച പരിക്കേറ്റു. ഒന്നാംവര്‍ഷ ഇക്കണോമിക്സ് വിദ്യാര്‍ഥിനിയായ മലപ്പുറം കാളമ്പാടി സ്വദേശി എ. ഫാത്തിമ റുഷ്ദ (19), മൂന്നാംവര്‍ഷ സോഷ്യോളജി വിദ്യാര്‍ഥിനി രാമപുരം ആവത്തുകാട്ടില്‍ എ.കെ. ഷഹ്ലഷറിന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റോഡരികില്‍ നിര്‍ത്തിയിരുന്ന കാറിലും ലോറി ഇടിച്ചതിനെ തുടര്‍ന്ന് തിരൂര്‍ക്കാട് പൂന്തോട്ടത്തില്‍ നജീബി (43) നെയും മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കുകളില്‍ പാഞ്ഞുകയറി ഫുട്പാത്തില്‍ ഇടിച്ചാണ് ലോറിനിന്നത്.
തിരൂര്‍ക്കാട് ജംഗ്ഷന് മുതല്‍ റോഡ് ദീര്‍ഘദൂരം കാണാവുന്ന വിധത്തിലായതിനാല്‍ വാഹനങ്ങള്‍ അമിത വേഗതയിലാണ് ഇവിടെ സഞ്ചരിക്കാറുള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കകം നിരവധി അപകടങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ട്. ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കായി നാലായിരത്തിലധികം വിദ്യാര്‍ഥികള്‍ ദിനേന എത്തിച്ചേരുന്ന തിരൂര്‍ക്കാട് സ്കൂള്‍പടിയില്‍ ആവശ്യമായ മുന്‍ കരുതലുകളോ റോഡ് സുരക്ഷാ സംവിധാനങ്ങളോ ഇല്ല.
സീബ്രാ ലൈനുകളും മാഞ്ഞുകിടക്കുന്നു. സ്പീഡ് ബ്രേക്കറുകളോ സൈന്‍ ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികൃതരും പിടിഎ, എസ്എംസി ഭാരവാഹികളും യോഗം ചേര്‍ന്ന് ദേശീയപാത അധികൃതര്‍ക്കും മറ്റും നിവേദനം നല്കാന് തീരുമാനിച്ചതായി പിടിഎ പ്രസിഡന്റ് ഇ.കെ. കുഞ്ഞിമുഹമ്മദ്, എസ്എംസി ചെയര്മാന് എ. ബഷീര്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുബൈര്‍, എഎംഎച്ച്എസ് പ്രധാനാധ്യാപകന് ഇ.കെ. അബ്ദുള്‍മജീദ് എന്നിവര്‍ പറഞ്ഞു.