നിലമ്പൂര്‍ പാട്ടടിയന്തിരത്തിന്റെ ഡോക്യുമെന്ററി പ്രകാശനം ചെയ്തു
1484003
Tuesday, December 3, 2024 4:57 AM IST
നിലമ്പൂര്‍: പ്രസിദ്ധമായ നിലമ്പൂര്‍ പാട്ടിനെ ആസ്പദമാക്കി ആപ്തഭാരതി ഫൗണ്ടേഷന് നിര്‍മിച്ച നിലമ്പൂര്‍ പാട്ടടിയന്തിരം ‘ചിരന്തന സംസ്കൃതി’ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനവും യൂട്യൂബ് റിലീസും കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍വഹിച്ചു. സനു സത്യന് രചനയും സംവിധാനവും നിര്‍വഹിച്ച ഡോക്യുമെന്ററിയുടെ നിര്‍മാണം ടി.പി. വിവേകും രമേഷ് കൃഷ്ണനുമാണ്. ചിത്രസംയോജനം അനീഷ് സ്വാതിയും ഛായാഗ്രഹണം സാജന് ചന്ദ്രബാലന്, ജിതേഷ് ദാമോദര്‍ എന്നിവരുമാണ് നിര്‍വഹിച്ചത്. സനു സ്വരലയ പശ്ചാത്തല സംഗീതം നല്കി.
ഒരു വര്‍ഷമെടുത്ത് പൂര്‍ത്തീകരിച്ച ഡോക്യുമെന്ററി നിലമ്പൂര്‍ പാട്ടടിയന്തിരത്തെക്കുറിച്ചുള്ള സമഗ്ര ചിത്രമാണ് കാഴ്ചവയ്ക്കുന്നത്. നിലമ്പൂര്‍ കോവിലകത്തെ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന്റെ ഉല്‍പ്പത്തി, പാട്ടടിയന്തിരത്തിന്റെ സവിശേഷതകള്‍, ആചാരാനുഷ്ഠാനങ്ങളായ പന്തീരായിരം നാളികേരമേറ്, സര്‍വാണി സദ്യ, പാലുംവെള്ളരി, മലബാറിന്റെ മഹോത്സവമായി മാറിയ പാട്ടുത്സവം തുടങ്ങിയവ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുചിത്രത്തില് വിശദമായി പ്രതിപാദിക്കുന്നു. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ വിപുലമായ സദസിന് മുന്നില്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നടന്നു. ഡോക്യുമെന്ററി ആപ്തഭാരതിയുടെ യൂട്യൂബ് ചാനലില്‍ ലഭ്യമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഫാ. അനില്‍ ഫിലിപ്പ്, അഡ്വ. സുകന്യ ദേവന് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.