അരക്കുപറമ്പിലെ "മിയാവാക്കി വനം’ ശ്രദ്ധയാകര്‍ഷിക്കുന്നു
1483996
Tuesday, December 3, 2024 4:57 AM IST
പെരിന്തല്‍മണ്ണ: മാതാപിതാക്കളുടെ ഓര്‍മയ്ക്കായി മകന് ദാമോദരന്‍ ഉണ്ണി നമ്പൂതിരി (കുട്ടന് മാഷ് ) ഒരുക്കിയ സ്മൃതിവനം ശ്രദ്ധയാകര്‍ഷിക്കുന്നു. അരക്കുപറമ്പ് മാട്ടറയില്‍ കറുത്തേടത്ത് സാവിത്രി, ശ്രീകുമാരന്‍ നമ്പൂതിരി സ്മാരക സ്മൃതിവനത്തില്‍ ഒരു വര്‍ഷം മുമ്പാണ് ജപ്പാനീസ് സസ്യശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ.അക്കീര മിയാവാക്കി രൂപപ്പെടുത്തി വിജയിച്ചതും ലോക ശ്രദ്ധയാകര്‍ഷിച്ചതുമായ മിയാവാക്കി വനവത്കരണത്തിനു ദാമോദരന്‍ ഉണ്ണി നമ്പൂതിരി തുടക്കം കുറിച്ചത്.
2017 ലാണ് മാതാപിതാക്കളുടെ ഓര്‍മയ്ക്കായി പരിസ്ഥിതി സംഘടനയായ അടക്കാപുത്തൂര്‍ "സംസ്കൃതി’ യുടെ നേതൃത്വത്തില്‍ ഒരു ഏക്കര്‍ സ്ഥലത്ത് നക്ഷത്രവനം, ശലഭ ഉദ്യാനം, ഔഷധ വൃക്ഷത്തോട്ടം എന്നിവ ചേര്‍ന്ന സ്മൃതിവനം ഒരുക്കിയത്. പിന്നീട് ഒരേക്കറില്‍ ഗാനഗന്ധര്വന് യേശുദാസിന്റെ 80-ാം പിറന്നാളിന് 80 വൃക്ഷതൈകള്‍ നട്ട് ഗന്ധര്വവനത്തിനു തുടക്കം കുറിച്ചിരുന്നു.
"സംസ്കൃതി’യുടെ ക്ഷണപ്രകാരം അക്കീര മിയാവാക്കിയുടെ ശിഷ്യനും ജപ്പാനീസ് പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. നവോഹിരോ ഓഹിറ സ്മൃതിവനം സന്ദര്‍ശിച്ചു. വനത്തില്‍ കണിക്കൊന്ന തൈനട്ട് ഓഹിറ തന്റെ സാന്നിധ്യം അറിയിച്ചു.
കുറച്ച് സ്ഥലത്ത് കൂടുതല്‍ വൃക്ഷതൈകള്‍ നടുന്ന വനവത്കരണത്തിലൂടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും അന്യംനിന്നു പോകുന്ന വൃക്ഷങ്ങളുടെ സംരക്ഷണവുമാണ് ലക്ഷ്യമിടുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും സ്മൃതിവനത്തിന്റെ പ്രോജക്ട് കോ ഓര്‍ഡിനേറ്ററുമായ രാജേഷ് അടക്കാപുത്തൂര്‍ പറഞ്ഞു. സ്മൃതിവനത്തില്‍ ഒരു സെന്റ് സ്ഥലത്ത് 160 വൃക്ഷതൈകളാണ് നട്ടിരിക്കുന്നത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 15 അടിയോളം ഉയരത്തില്‍ മരങ്ങള്‍ വളര്ന്നുനില്ക്കുന്ന കാഴ്ച കൗതുകകരമാണ്.
ബാക്കിയുള്ള ഒരു ഏക്കര്‍ സ്ഥലത്ത് കുളം, മൺവീട്, ഏറുമാടം തുടങ്ങിയവ കൂടി ഒരുക്കാനുള്ള ശ്രമത്തിലാണ് കുട്ടന്മാഷും സംസ്കൃതിയും. അടുത്തുതന്നെ ഗാനഗന്ധര്വന് യേശുദാസ് സ്മൃതിവനം സന്ദര്‍ശിക്കുമെന്ന് രാജേഷ് അടക്കാപുത്തൂര്‍ പറഞ്ഞു.