ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാത വികസനം: കേന്ദ്രമന്ത്രിക്ക് നിവേദനം നല്കി
1461404
Wednesday, October 16, 2024 4:26 AM IST
നിലമ്പൂര്‍: ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാതയുമായി ബന്ധപ്പെട്ട് നിലമ്പൂർ-മൈസൂരു റെയില്‍വേ കര്‍മസമിതി ഭാരവാഹികള്‍ കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന് പാത വികസനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അടങ്ങിയ നിവേദനം സമര്‍പ്പിച്ചു. മന്ത്രി ബിജെപി അംഗത്വ കാമ്പയിന് പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് നിവേദനം നല്‍കിയത്.
രാത്രി എട്ടിന് ശേഷം ഷൊര്‍ണൂരില്‍ നിന്ന് നിലമ്പൂരിലേക്ക് സര്‍വീസ് ഇല്ലാത്തതിനാല്‍ പുലര്‍ച്ചെ 3.30 ന് നിലമ്പൂരിലേക്കുള്ള രാജ്യറാണി എത്തുന്നത് വരെ യാത്രക്കാര്‍ കാത്തിരിക്കുന്ന അവസ്ഥയാണുള്ളത്. ഇതിന് പരിഹാരമായി രാത്രി 8.45 ന് ഷൊര്‍ണൂരില്‍ എത്തുന്ന എറണാകുളം-ഷൊര്‍ണൂര്‍ മെമു നിലമ്പൂരിലേക്ക് നീട്ടണം.
ഈ വണ്ടി പുലര്‍ച്ചെ 3.30 ന് നിലമ്പൂരില്‍ നിന്ന് എറണാകുളത്തേക്കും തിരിച്ചും സര്‍വീസ് നടത്തിയാല്‍ മലപ്പുറം ജില്ലയില്‍ നിന്ന് പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ജോലിക്ക് പോകുന്നവര്‍ക്ക് പ്രയോജനപ്പെടും. ഇത്തരത്തിൽ നിരവധി നിർദേശങ്ങളടങ്ങുന്ന നിവേദനമാണ് മന്ത്രിക്ക് നൽകിയത്.