നിലമ്പൂരില്‍ കേരള കോണ്‍ഗ്രസ് 60-ാം ജന്മദിനാഘോഷം
1460318
Thursday, October 10, 2024 9:06 AM IST
നിലമ്പൂര്‍: നിലമ്പൂരില്‍ കേരള കോണ്‍ഗ്രസ് 60-ാം ജന്മദിനാചരണം നടത്തി. വജ്ര ജൂബിലിയുടെ നിറവില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ ജില്ലയില്‍ നടത്താന്‍ തീരുമാനിച്ചു. സാമൂഹ്യപ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്ന പരിപാടികള്‍ ഒരു വര്‍ഷത്തിനിടയില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും നടത്തും. ജില്ലയെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമ്പാദിക്കാന്‍ സ്വര്‍ണം കടത്തുന്നവരുടെ നാടായി ചിത്രീകരിച്ച മുഖ്യമന്ത്രി ജില്ലയിലെ ജനങ്ങളോട് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് യോഗം ആവശ്യപ്പെട്ടു.
കരിപ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിംഗ് നിയന്ത്രണങ്ങളും കുത്തനെ വര്‍ധിപ്പിച്ച പാര്‍ക്കിംഗ് ഫീസുകളും പകുതിയായി കുറച്ച് വിമാനത്താവളവുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങള്‍ക്കും അടിയന്തരമായി പരിഹാരം കാണണമെന്ന് എയര്‍പോര്‍ട്ട് അഥോറിറ്റി മാനേജര്‍ക്ക് നിവേദനം നല്കുവാനും നിലമ്പൂരിലെ റെയില്‍ അടിപ്പാത നിര്‍മാണം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കി ഈ മേഖലയിലെ വാഹന ഗതാഗതത്തിനും യാത്രക്കാരുടെ യാത്രാദുരിതം കുറയ്ക്കുവാനും പാലക്കാട് റെയില്‍വേ ഡിവിഷന് മാനേജര്‍ അടിയന്തരമായി ഇടപെടണമെന്നും യോഗം റെയില്‍വേയോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മാത്യു വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
ജില്ലാ നേതാക്കളായ തോമസ് ടി. ജോര്‍ജ്, സതീഷ് വര്‍ഗീസ്, കെ.വി. ജോര്‍ജ്, അഡ്വ. മോഹന്‍ ജോര്‍ജ്, ബിനോയ് പാട്ടത്തില്‍, എ.ജെ. ആന്റണി, പി.കെ. മാത്തുക്കുട്ടി, ബാബു വര്‍ഗീസ്, വി.ബി. സുരേഷ് കുമാര്‍, ഷാജു ചെറിയാന്, സജേഷ് ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.