വന്യമൃഗശല്യം: കര്‍ഷകര്‍ക്കുള്ള ആനുകൂല്യം വര്‍ധിപ്പിക്കണമെന്ന് താലൂക്ക് വികസന സമിതി
1459274
Sunday, October 6, 2024 5:17 AM IST
നിലമ്പൂര്‍: വന്യമൃഗശല്യത്തിന് കര്‍ഷകര്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന് നിലമ്പൂര്‍ താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച നഷ്ടപരിഹാര തുക കാലോചിതമായി പരിഷ്കരിക്കണമെന്നും സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മലയോര മേഖലയില്‍ ആന, പന്നി, കുരങ്ങ് ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് വ്യാപകമാവുകയാണ്.
വനമേഖലക്ക് കിലോമീറ്ററുകള്‍ അകലെയുള്ള പ്രദേശങ്ങളില്‍ പോലും വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുകയാണ്. കടുവ, പുലി എന്നിവ വളര്‍ത്തുമൃഗങ്ങളെ കടിച്ച് കൊണ്ടുപോകുന്നതും പതിവാണ്. മയില്‍ ഉള്‍പ്പെടെയുള്ളവയും വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്.
വന്യമൃഗശല്യം കാരണം കൃഷിനാശം കര്‍ഷകരെ പ്രതിസന്ധിയിലാക്കുമ്പോള്‍ നാമമാത്ര തുകയാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. വന്യമൃഗശല്യം പരിഹരിക്കാന്‍ ശാശ്വത നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്നും താലൂക്ക് വികസന സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പോത്തുകല്ല് തുടിമുട്ടിയില്‍ ആയിരത്തിലധികം റബറും പച്ചക്കറി കൃഷിയും വന്യമൃഗങ്ങള്‍ നശിപ്പിച്ചത് കളക്ടറെയും ജില്ലാ വികസന സമിതിയെയയും അറിയിക്കും. വിഷയം സര്‍ക്കാര്‍ ഗൗരവമായി കാണണം. വണ്ടൂര്‍ ബീവറേജ് ഔട്ട്ലെറ്റ് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടാണെന്ന് സര്‍ക്കാരിനെ അറിയിക്കാനും യോഗം തീരുമാനിച്ചു. നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡിലെ റോഡിലെ കുണ്ടും കുഴിയും അടയ്ക്കാന്‍ നരസഭ നടപടി സ്വീകരിക്കണം.
ഹോട്ടലുകളിലും മറ്റും വിഷം കലര്‍ന്ന ഭക്ഷണം വില്‍ക്കുന്നത് തടയാന്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം നടപടികള്‍ കാര്യക്ഷമാക്കണം. മുന്‍സിപ്പല്‍, പഞ്ചായത്ത് സെക്രട്ടറിമാരും കര്‍ശന നടപടി സ്വീകരിക്കണം. മാംസം വ്യക്തമായി പരിശോധനക്ക് വിധേയമാക്കണം. വിവിധ വകുപ്പ് പ്രതിനിധികള്‍ താലൂക്ക് വികസന സമിതിയില്‍ പങ്കെടുക്കാത്തത് സംബന്ധിച്ച് അതത് വകുപ്പുകളിലെ ജില്ലാ മേധാവികളെയും കളക്ടറെയും അറിയിക്കാനും താലൂക്ക് വികസന സമിതി തീരുമാനിച്ചു.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, തഹസില്‍ദാര്‍ എം.പി. സിന്ധു, ഭൂരേഖ വിഭാഗം തഹസില്‍ദാര്‍ ജയശ്രീ, ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രമോദ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, ഇസ്മായില്‍ എരഞ്ഞിക്കല്‍, സലാം ഏമങ്ങാട്, കെ.പി. പീറ്റര്‍, വിവിധ വകുപ്പ് ഉദ്യോസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.