ഏലംകുളത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 16ന്
1458817
Friday, October 4, 2024 4:48 AM IST
പെരിന്തൽമണ്ണ: അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവി നഷ്ടപ്പെട്ട ഏലംകുളം ഗ്രാമപഞ്ചായത്തിൽ മേൽസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 16ന് നടത്താൻ തെരഞ്ഞെടുപ്പ് അധികൃതർ നടപടി ആരംഭിച്ചു. രാവിലെ 11ന് പ്രസിഡന്റ് തെരഞ്ഞെടുപ്പും ഉച്ചയ്ക്ക് രണ്ടിന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടത്തും. പെരിന്തൽമണ്ണ സബ് രജിസ്ട്രാർ വണാധികാരിയായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആവശ്യമായ പോലീസ് സുരക്ഷ ഒരുക്കാൻ ജില്ലാ പോലീസ് മേധാവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് നൽകി.
എൽഡിഎഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യുഡിഎഫിലെ കോൺഗ്രസ് സ്വതന്ത്ര രമ്യ മണിതൊടി പിന്തുണച്ചതിനാലാണ് മൂന്നര വർഷമായി തുടരുന്ന ഏലംകുളം പഞ്ചായത്തിലെ യുഡിഎഫ് ഭരണം അട്ടിമറിക്കപ്പെട്ടത്.
16 അംഗ ഭരണ സമിതിയിൽ കോൺഗ്രസ് അംഗമടക്കം ഒന്പത് പേർ പ്രസിഡന്റ് സി.സുകുമരന് എതിരായി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. ഏഴ് പേർ എതിർത്ത് വോട്ട് ചെയ്തു.
രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടന്നത്. ഏലംകുളം പഞ്ചായത്തിൽ എൽഡിഎഫിനും യുഡിഎഫിനും എട്ട് വീതം അംഗങ്ങളാണ് ഉള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണത്തിൽ വന്നത്. കോൺഗ്രസിലെ സി. സുകുമാരൻ പ്രസിഡന്റും മുസ്ലിം ലീഗിലെ ഹൈറുന്നിസ വൈസ് പ്രസിഡന്റും ആവുകയായിരുന്നു.
വൈസ് പ്രസിഡന്റിന് എതിരായ അവിശ്വാസ പ്രമേയവും ഒമ്പത് പേർ അനുകൂലിച്ചു.16 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ പ്രതിപക്ഷത്ത് ഏഴ് സിപിഎം, ഒരു സിപിഐ, ഭരണപക്ഷത്ത് അഞ്ച് കോൺഗ്രസ്, രണ്ട് മുസ്ലിം ലീഗ്, ഒരു വെൽഫെയർ പാർട്ടി എന്നതാണ് നിലവിലെ കക്ഷിനില.