ജില്ലാ ജൂണിയര്‍ കായികമേള: കടകശേരി ബഹുദൂരം മുന്നില്‍
1458266
Wednesday, October 2, 2024 5:16 AM IST
തേഞ്ഞിപ്പലം: മലപ്പുറം ജില്ലാ അത്ലറ്റിക്സ് അസോസിയേഷന് സംഘടിപ്പിക്കുന്ന ജില്ലാ ജൂണിയര്‍ അത്ലറ്റിക്സ് മീറ്റ് കാലിക്കട്ട് സര്‍വകലാശാല സ്റ്റേഡിയത്തില്‍ ഒന്നാം ദിവസം പിന്നിട്ടപ്പോള്‍ 16 സ്വര്‍ണവും ഒമ്പത് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 213.5 പോയിന്റുമായി ഐഡിയല്‍ കടകശേരി ബഹുദൂരം മുന്നില്‍.
ഏഴ് സ്വര്‍ണവും ആറ് വെള്ളിയും നാല് വെങ്കലവുമടക്കം 110.5 പോയിന്റോടെ തിരുനാവായ നവാമുകുന്ദ സ്പോര്‍ട്സ് അക്കാഡമി രണ്ടാമതും 49 പോയിന്റുവീതം നേടി സിഎച്ച്എംഎച്ച്എസ്എസ് പുക്കൊളത്തൂരും സിഎച്ച്എംകെഎംഎച്ച്എസ്എസ് കാവനൂരും മൂന്നാം സ്ഥാനത്തുമുണ്ട്.
ജില്ലയിലെ മുപ്പതോളം ക്ലബുകളില്‍ നിന്നായി അണ്ടര്‍ 14, അണ്ടര്‍16, അണ്ടര്‍18, അണ്ടര്‍ 20 എന്നീ നാല് കാറ്റഗറികളില്‍ ആണ്-പെണ്‍വിഭാഗങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീറ്റില്‍ മൂന്ന് സ്വര്‍ണം നേടിയ മുഹമ്മദ് മുഹ്സിന് ഉള്‍പ്പെടെ 1500 ല്‍പരം കായികതാരങ്ങളാണ് ജില്ലാ മീറ്റില്‍ പങ്കെടുക്കുന്നത്.
അത്ലറ്റിക്സ് അസോസിയേഷന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പതാക ഉയര്‍ത്തിയതോടെ തുടക്കമായ ജില്ലാ മീറ്റ് ഉദ്ഘാടന ചടങ്ങില്‍ അത്ലറ്റിക്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് മജീദ് ഐഡിയല്‍ അധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി കായികവിഭാഗം മേധാവി ഡോ. സക്കീര്‍ ഹുസൈന് ഉദ്ഘാടനം ചെയ്തു.
അസോസിയേഷന് സെക്രട്ടറി വി.പി. മുഹമ്മദ് കാസിം, ഷാഫി അമ്മായത്ത്, അബ്ദുള്‍ കാദര്‍ ബാപ്പു, സൈഫ് സാഹിദ്, ഷുക്കൂര്‍ ഇല്ലത്ത്, കെ.കെ. രവീന്ദ്രന്,ഡോ. ഇന്ദു തുടങ്ങിയവര്‍ പ്രസംഗിച്ചു.