നിപ: 4981 വീടുകളില്‍ സര്‍വേ നടത്തി
1454063
Wednesday, September 18, 2024 4:50 AM IST
വണ്ടൂര്‍: തിരുവാലി നടുവത്ത് ശാന്തിനഗര്‍ സ്വദേശിയായ 24 കാരന് നിപ ബാധിച്ച് മരിച്ചതിനെത്തുടര്‍ന്ന് ഫീല്‍ഡ് സര്‍വേയുടെ ഭാഗമായി മമ്പാട് ഗ്രാമപഞ്ചായത്തിലെ 1576 വീടുകളിലും വണ്ടൂരിലെ 1711 വീടുകളിലും തിരുവാലിയിലെ 1694 വീടുകളിലും അടക്കം ആകെ 4981 വീടുകളില്‍ ഇന്നലെ പരിശോധന നടത്തി.
146 ടീമുകളായാണ് സര്‍വേ നടത്തിയത്. മമ്പാട് ഗ്രാമപഞ്ചായത്തില്‍ 28, വണ്ടൂരില്‍ 39, തിരുവാലിയില്‍ 40 അടക്കം ആകെ 107 പനിക്കേസുകള്‍ ഇന്നലത്തെ സര്‍വേയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരാരും പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടവരല്ല. തിരുവാലി പിഎച്ച്സിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഫീല്‍ഡ് സര്‍വേയില്‍ പനി കണ്ടെത്തുകയും ലക്ഷണങ്ങളില്‍ സംശയം തോന്നിയതോടെ വിദഗ്ധ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. അതേസമയം നിപയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ബംഗളൂരുവില്‍ വിദ്യാര്‍ഥിയായ യുവാവ് ഒമ്പതിനാണ് മരിച്ചത്. വണ്ടൂര്‍ പഞ്ചായത്തില്‍ ഇതുവരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ മാസ്ക് ധരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എം. സീന അഭ്യര്‍ഥിച്ചു. സര്‍വേ ഇന്ന് പൂര്‍ത്തിയാക്കും. ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിലൂടെ രോഗവ്യാപനം തടയാനായി എന്ന കണക്കുകൂട്ടലിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
പനി സര്‍വേയുമായി ബന്ധപ്പെട്ട് ഫീല്‍ഡില്‍ നടക്കുന്നത് മികച്ച പ്രവര്‍ത്തനങ്ങളാണെന്ന് എ. പി. അനില്‍കുമാര്‍ എംഎല്‍എ അറിയിച്ചു. ഇന്നലെ തിരുവാലി പൂളക്കല്‍ പിഎച്ച്സിയിലെത്തിയ എംഎല്‍എ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാമന്‍കുട്ടി ഉൾപ്പെടെ ആശുപത്രിയിലെത്തിയിരുന്നു.
തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്റ് സോണായ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കി. പൊതുജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല. തിയേറ്ററുകള്‍ അടച്ചിടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്കി. ബന്ധപ്പെട്ട പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകീട്ട് ഏഴു വരെ മാത്രമേ പ്രവര്‍ത്തിക്കാവൂവെന്നും നിര്‍ദേശിച്ചിട്ടുണ്ട്.