ഫാമിന്റെ മറവില്‍ എംഡിഎംഎ വില്‍പ്പന; യുവാവ് അറസ്റ്റില്‍
1443649
Saturday, August 10, 2024 5:10 AM IST
നിലമ്പൂര്‍: വില്‍പ്പനക്കായി കൈവശം വച്ച എംഡിഎംഎയുമായി യുവാവിനെ നിലമ്പൂര്‍ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. മമ്പാട് നടുവക്കാട് സ്വദേശി മധുരകറിയന്‍ അബൂബക്കറി (37) നെയാണ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കാറില്‍ സൂക്ഷിച്ചിരുന്ന 3.5 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
ഇയാളെ ചോദ്യം ചെയ്തതില്‍ പ്രദേശത്തെ ലഹരി കടത്ത് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള പശു ഫാം കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന് നിലമ്പൂര്‍ ഡിവൈഎസ്പി പി.കെ. സന്തോഷിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനയില്‍ ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് പ്രതി പിടിയിലായത്.
ഇയാളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. എസ്ഐ തോമസ്കുട്ടി ജോസഫ്, സിപിഒ പ്രിന്‍സ്, അനസ്, അജയന് എന്നിവരും ഡാന്‍സാഫ് അംഗങ്ങളായ എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.