മാസ്റ്റഴ്സ് മീറ്റിലൂടെ വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങ്
1443345
Friday, August 9, 2024 5:07 AM IST
തേഞ്ഞിപ്പലം: കല്‍പ്പറ്റയില്‍ മാസ്റ്റേഴ്സ് മീറ്റ് നടത്തി ലഭിക്കുന്ന വരുമാനം മുഴുവനും വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് നല്‍കുമെന്ന് സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷന്. കാലിക്കട്ട് സര്‍വകലാശാലയില്‍ ചേര്‍ന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
കേരള അത്ലറ്റിക്സിനെ കൂടുതല്‍ മികവുറ്റതാക്കാനും ഇന്ത്യയിലെ മികച്ച സംസ്ഥാനമായി തിരിച്ചുവരാനും ഉതകുന്ന വിധത്തിലുള്ള കര്‍മ പദ്ധതികള്‍ നടപ്പാക്കുമെന്നും ജനറല്‍ കൗണ്‍സില്‍ യോഗ ശേഷം ഭാരവാഹികള്‍ അറിയിച്ചു.
കേരളത്തില്‍ നിന്നുള്ള കായിക താരങ്ങള്‍ ഒളിമ്പിക് മെഡല്‍ നേടുന്നതിന് ഉതകുന്ന പരിശീലനത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കും വേണ്ട സഹായം സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. ചൈനയിലെ ഹാന്സൗവില് നടന്ന 2023 ഏഷ്യന്‍ ഗെയിംസിലും 2024-ലെ പാരീസ് ഒളിമ്പ്ക്സില് പങ്കെടുക്കുന്ന മലയാളി താരങ്ങളെയും ജനറല്‍ കൗണ്‍സില്‍ യോഗം അഭിനന്ദിച്ചു.
അസോസിയേഷന്റെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതിന് ശേഷമാണ് ദേശീയ ജൂണിയര്‍ മീറ്റ്, മാസ്റ്റേഴ്സ് മീറ്റ് എന്നീ കാര്യങ്ങള്‍ വ്യക്തമാക്കിയത്. പുതിയ ഭാരവാഹികളായി ഡോ. അന്‍വര്‍ അമീന് ചേലാട്ട് (പ്രസിഡന്റ്), കെ. ചന്ദ്രശേഖരന് പിള്ള (ജനറല്‍ സെക്രട്ടറി), കെ. രാമചന്ദ്രന് (ട്രഷറര്‍), മേഴ്സി കുട്ടന് (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), സി. ഹരിദാസ്, കെ.കെ. പ്രതാപന്, ഡോ. സ്റ്റാലിന് റാഫേല്‍, ടി. പ്രീതിമോള്‍ (വൈസ് പ്രസിഡന്റുമാര്‍),
ഡോ. തങ്കച്ചന് മാത്യു, ഡോ.കെ.എസ് ഹരിദയാല്‍, ലൂക്ക ഫ്രാന്‍സിസ്, നൈസി ജോസഫ് (ജോയിന്റ് സെക്രട്ടറിമാര്‍), പ്രഫ. പി.ഐ. ബാബു ( കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധി), ഡോ. വി.പി. സക്കീര്‍ ഹുസൈന് (അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രതിനിധി),കെ. ചന്ദ്രശേഖരന് പിള്ള, ഡോ. സ്റ്റാലിന് റാഫേല്‍ ( കേരള ഒളിമ്പിക് അസോസിയേഷന് പ്രതിനിധികൾ) എന്നിവരെ തെരഞ്ഞെടുത്തു.