ഹോസ്റ്റലിലെ ഭക്ഷണശാല പ്രവൃത്തി വൈകുന്നു; സമരവുമായി എസ്എഫ്ഐ
1443339
Friday, August 9, 2024 5:07 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല പുരുഷ ഹോസ്റ്റലിലെ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ സര്‍വകലാശാല ഭരണകാര്യാലയത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഹോസ്റ്റല്‍ ഭക്ഷണശാല നവീകരണ പ്രവൃത്തികള്‍ക്കായി അടച്ചിട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും തുറക്കാന്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
പുരുഷ ഹോസ്റ്റലിലേക്കുള്ള ഭക്ഷണങ്ങള്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നാണ് എത്തിക്കുന്നത്. എന്നാല്‍ ഭക്ഷണങ്ങള്‍ കൃത്യസമയത്ത് ലഭ്യമാകാത്തത് വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടാകുന്ന സ്ഥിതിയാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ എത്തിയപ്പോഴേക്കും അവര്‍ക്ക് കൂടി ഭക്ഷണം ലഭ്യമാക്കേണ്ട അവസ്ഥയുണ്ട്.
പുരുഷ ഹോസ്റ്റല്‍ നവീകരണ പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കി ഭക്ഷണശാല ഉടന്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ സര്‍വകലാശാല അധികൃതരെ നേരിട്ടും രേഖാമൂലവും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും എസ്എഫ്ഐ ഭാരവാഹികള്‍ വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. ആദില്‍ ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ കാന്പസ് യൂണിറ്റ് പ്രസിഡന്റ് ആകാശ് നന്ദു അധ്യക്ഷത വഹിച്ചു. എ.വി. ലിനീഷ്, മുഹമ്മദ് സാദിഖ്, കെ. അപ്രീന എന്നിവര്‍ സംസാരിച്ചു.