എടക്കര കന്നുകാലി ചന്ത ഇല്ലാതാക്കാനുള്ള ശ്രമം നിയമപരമായി നേരിടും: സമര സമിതി
1443048
Thursday, August 8, 2024 5:11 AM IST
എടക്കര: എടക്കര കന്നുകാലി ചന്ത ഇല്ലാതാക്കാനുള്ള വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് സമരസമിതി ഭാരവാഹികൾ. 68 വർഷമായി പ്രവർത്തിക്കുന്ന ചന്ത സ്വന്തമായി ഭൂമിയുള്ള മലപ്പുറം ജില്ലയിലെ ഏക കന്നുകാലി ചന്തയാണ്. പഞ്ചായത്തിന് മികച്ച വരുമാനം നൽകുന്ന മറ്റ് സ്ഥാപനങ്ങൾ വേറെയില്ല. അയ്യായിരത്തിലധികം ആളുകളാണ് ചന്തയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നത്.
ചന്ത ലേലം ചെയ്തെടുത്ത വ്യക്തിയോടോ കച്ചവടക്കാരോടോ അന്വേഷിക്കാതെ വഴിക്കടവ് ഗ്രാമപഞ്ചായത്ത് ചന്ത പ്രവർത്തിക്കുന്ന സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിർമിച്ചിരിക്കുകയാണ്. കോവിഡ് കാലത്ത് കച്ചവടക്കാർ ചന്തയിൽ വരാത്ത സമയം നോക്കിയാണ് ധൃതി പിടിച്ച് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
ഈ ഷോപ്പിംഗ് കോംപ്ലക്സിലേക്ക് ചന്തയുടെ മധ്യത്തിലൂടെ വഴി വേണമെന്നാണ് പഞ്ചായത്ത് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ചന്തയുടെ പ്രവർത്തനത്തെ തടസപ്പെടുത്തുമെന്ന് ഭാരവാഹികൾ പറയുന്നു. ചന്ത നടക്കുന്ന ശനിയാഴ്ച ഒഴികെ മറ്റ് ദിവസങ്ങളിൽ വഴി വിട്ട് നൽകാമെന്ന കച്ചവടക്കാരുടെ നിർദേശം പഞ്ചായത്ത് അധികൃതർ അംഗീകരിച്ചില്ല.
ഏകപക്ഷീയമായ ഈ തീരുമാനത്തിനെതിരെ ചന്തയിലെ കച്ചവടക്കാരും മറ്റ് സന്നദ്ധ പ്രവർത്തകരും ഉൾപ്പെടെ നാനൂറിലധികം പേർ ഒപ്പിട്ട് പഞ്ചായത്തിന് നിവേദനം നൽകിയെങ്കിലും അധികൃതർ ഇതിൽ നിന്ന് പിൻമാറാൻ തയാറായില്ല. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ഇവർ അറിയിച്ചു. യോഗത്തിൽ ബാബു എടക്കര, ഷാഫി എടക്കര, ശിഹാബ് കുരിക്കൾ, ഖാലിദ് മഞ്ചേരി, പി.സി. നാഗൻ എന്നിവർ പ്രസംഗിച്ചു.