അവശ്യസാധനങ്ങളുമായി ലീഗൽ സർവീസസ് അഥോറിറ്റിയും
1443040
Thursday, August 8, 2024 5:11 AM IST
മഞ്ചേരി: അവശ്യസാധനങ്ങളും ആയുർവേദ മരുന്നുകളും വീട്ടുപകരണങ്ങളുമായി ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെ വാഹനം വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് തിരിച്ചു.
’വയനാടിനൊരു കൈത്താങ്ങ്’ പദ്ധതിയിലൂടെ അഥോറിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച സാധന സാമഗ്രികളുമായുള്ള യാത്രക്ക് ജില്ലാ പ്രിൻസിപ്പൽ ജഡ്ജിയും ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി ചെയർമാനുമായ കെ.സനിൽകുമാർ ഫ്ളാഗ് ഓഫ് ചെയ്തു. അഥോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ എം. ഷാബിർ ഇബ്രാഹിം സംബന്ധിച്ചു.
മഞ്ചേരി സബ് കോടതി, എംഎസിടി, എൽഎഡിഎസ്, ജില്ലയിലെ വിവിധ കോടതികളിലെ ബാർ അസോസിയേഷനുകൾ, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികൾക്ക് കീഴിലെ പാരാലീഗൽ വോളണ്ടിയർമാർ എന്നിവർ സമാഹരിച്ച സാധനങ്ങളാണ് കയറ്റി അയച്ചത്.
വയനാട് ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ അഡ്മിനിസ്ട്രേറ്റീവ് കളക്ഷൻ സെന്റർ ഡെപ്യൂട്ടി കളക്ടർ അനിതാകുമാരി സാധനങ്ങൾ ഏറ്റുവാങ്ങി.