അതിശക്തമായ കാറ്റും മഴയും; മലയോര മേഖലയില്‍ വ്യാപകനാശം
1437251
Friday, July 19, 2024 5:10 AM IST
എടക്കര: അതിശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയില്‍ വ്യാപക നാശം. വൈദ്യുതി തൂണ് ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ പതിച്ച് യുവാവിന് പരിക്കേറ്റു. നാടുകാണിച്ചുരം പാതയില്‍ മരം വീണ് ഗാതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. മേഖലയില്‍ വൈദ്യുതി തൂണുകള്‍ നിലംപൊത്തി വൈദ്യുതി ബന്ധം പാടെ തകരാറിലായി. മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഗ്രാമീണ റോഡുകളില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതവും താറുമാറായി.
പോത്തുകല്‍ പൂളപ്പാടം മുക്കൂടന്‍ ഉസ്മാനാണ് (43) ഓട്ടോയ്ക്ക് മുകളില്‍ വൈദ്യുതി തൂണ് വീണ് തലയ്ക്ക് പരിക്കേറ്റത്. പനങ്കയം പാലത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. ഇയാളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഓട്ടോയ്ക്ക് മുകളില്‍ വീണ രണ്ട് തൂണുകള്‍ സമീപത്തെ മതിലില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഇന്നലെ രവിലെയാണ് മേഖലയില്‍ ശക്തമായ കാറ്റ് വീശിയത്. പാതാര്‍ പുറത്തോട്ട് ബിജു, മരുത കെട്ടുങ്ങല്‍ അഞ്ചാനയില് രാധാമണി, മഠത്തില്‍ അബ്ദുള്‍ അസീസ് എന്നിവരുടെ വീടുകളാണ് ഭഗികമായി തര്ന്നത്. നാടുകാണി ചുരത്തില്‍ വിവിധയിടങ്ങളില്‍ റോഡിന് കുറുകെ മരം വീണും മണ്ണിടിഞ്ഞും മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
ചുരത്തിലെ ജാറത്തിന് മുകളിലായാണ് മരവും മണ്ണും റോഡിലേക്ക് പതിച്ചത്. ഗതാഗതത്തിന് തടസമായതോടെ ഇരുഭാഗത്തുനിന്നുമുള്ള വാഹനങ്ങള്‍ മണിക്കൂറുകളോളം നിര്‍ത്തിയിടേണ്ടിവന്നു. പിന്നീട് യാത്രക്കാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വഴിക്കടവില്‍ നിന്ന് വനം, പോലീസ് അധികൃതരും നിലമ്പൂരില്‍ നിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയാണ് തടസങ്ങള്‍ നീക്കം ചെയ്തത്.
സംസ്ഥാന അതിര്‍ത്തിയില്‍ തമിഴ്നാടിന്റെ ഭാഗത്തും പലയിടങ്ങളില്‍ റോഡിലേക്ക് മരം വീണും മണ്ണിടിഞ്ഞും ഗതാഗതം തടസപ്പെട്ടു. പോത്തുകല്ലില്‍ ഞെട്ടിക്കുളം മുതല്‍ പൂളപ്പാടം വരെയുള്ള ഭാഗങ്ങളിലും ചാത്തംമുണ്ട ചൂരക്കണ്ടിയിലും മരങ്ങള്‍ റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാ സേനയും, പോലീസും, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരും വൈദ്യുതി വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് വിവിധയിടങ്ങളിലെ തടസങ്ങള്‍ നീക്കിയത്. വൈദ്യുതി ബന്ധം വൈകിയും പുനഃസ്ഥാപിക്കാനായിട്ടില്ല.
പുന്നപ്പുഴ, കലക്കന്‍ പുഴ എന്നിവ കരകവിഞ്ഞൊഴുകുന്നതിനാല്‍ തീരത്തുള്ള പത്തോളം കുടുംബങ്ങളോട് മാറിത്താമസിക്കാന്‍ റവന്യു അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോത്തുകല്ല് ഭൂദാനത്ത് സ്രാമ്പിക്കല്‍ റിയാസിന്റെ വീടിന്റെ ഭിത്തിയില്‍ വിള്ളല്‍ രൂപപ്പെട്ടതിനാല്‍ അപകട ഭീഷണിയെ തുടര്‍ന്ന് താമസം ബന്ധുവീട്ടിലേക്ക് മാറ്റി.