പയ്യനാട് സത്രം വക ഭൂമി: റിപ്പോര്‍ട്ട് കൈമാറി
1435681
Saturday, July 13, 2024 4:54 AM IST
മഞ്ചേരി: ഏറനാട് താലൂക്കിലെ പയ്യനാട് വില്ലേജില്‍ ഉള്‍പ്പെട്ട സത്രം വക ഭൂമിയിൽ കൈവശക്കാരായ 102 പേര്‍ക്ക് പട്ടയം ലഭിക്കുന്നതിനുള്ള പയ്യനാട് വില്ലേജ് ഓഫീസര്‍ എന്‍. പ്രതാപന് തയാറാക്കിയ റിപ്പോര്‍ട്ട് മഞ്ചേരി ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ അജയകുമാറിന് കൈമാറി. ഇതിനായി ജൂലൈ രണ്ട്, മൂന്ന് തിയതികളിലായി റവന്യൂ വകുപ്പ് പ്രത്യേക ക്യാമ്പ് നടത്തിയിരുന്നു.
പട്ടയത്തിനായി ലഭിച്ച രേഖകള്‍ പരിശോധിച്ചാണ് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. നിലവില്‍ പട്ടയം ലഭിച്ചിട്ടില്ലാത്ത കൈവശക്കാര്‍ക്ക് സ്വമേധയാ റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കുന്നതിനായി പയ്യനാട് വില്ലേജ് ഓഫീസര്‍ എന്‍.പ്രതാപനെ ചുമതലപ്പെടുത്തി തഹസില്‍ദാര്‍ എം.കെ. കിഷോര്‍ ഉത്തരവിറക്കിയിരുന്നു.
24 സര്‍വേ നമ്പറുകളിലായി വ്യാപിച്ചു കിടക്കുന്ന 36.49 ഏക്കര്‍ ഭൂമിയാണ് കൈവശക്കാര്‍ക്ക് നല്‍കുന്നത്. 224 വര്‍ഷം മുമ്പ് ബ്രിട്ടീഷ് ഭരണകൂടം കണ്ടുകെട്ടിയ ഭൂമിയാണിത്. ഈ ഭൂമി സെറ്റില്‍മെന്റ് രജിസ്റ്ററില്‍ സ്വകാര്യ വ്യക്തികളുടെ പേരില്‍ സ്വകാര്യഭൂമിയായാണ് രേഖപ്പെടുത്തിയിരുന്നത്.
പുറമ്പോക്ക് രജിസ്റ്ററില്‍ സത്രം ഭൂമി എന്നും രേഖപ്പെടുത്തിയിരുന്നു. സാധുവായ ആധാരങ്ങളുടെ അടിസ്ഥാനത്തില്‍ കൈവശംവച്ചിട്ടുള്ള അപേക്ഷകരില്‍ നിന്ന് ഭൂനികുതി സ്വീകരിക്കുന്നതിനും സാധുവായ ആധാരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ ഭൂമി കൈവശം വയ്ക്കുന്ന അപേക്ഷകര്‍ക്ക് ലാന്‍ഡ് ട്രിബ്യൂണല്‍ മുഖേന ക്രയവിക്രയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും കഴിഞ്ഞ മേയ് 18ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പട്ടയം നല്‍കുന്നതിനായി ജില്ല കളക്ടറും കത്ത് നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് താലൂക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ക്യാമ്പ് നടത്തിയത്.
മഞ്ചേരി അത്തന്‍കുട്ടി കുരിക്കളുടേതായിരുന്നു ഭൂമി. മലബാറില്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പഴശി രാജാവുമായി ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരേ സമരം ചെയ്തതിനെ തുടര്‍ന്ന് മഞ്ചേരി അത്തന്‍കുട്ടി കുരിക്കളെ വധിക്കുകയും 1800കളില്‍ ഈ ഭൂമി ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടുകയും ചെയ്തു.
പിന്നീട് മകനായ കുഞ്ഞഹമ്മദ് കുട്ടിയുടെ അപേക്ഷ പ്രകാരം ഭൂമി ബ്രിട്ടീഷുകാര്‍ തിരികെ നല്കി. നികുതിയും പാട്ടവും നല്‍കണമെന്ന വ്യവസ്ഥയിലായിരുന്നു ഭൂമി തിരികെ നല്‍കിയത്. കൈവശക്കാര്‍ക്ക് പൂര്‍ണ അവകാശത്തോടെ ഭൂമി വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് 1976ല്‍ കൈവശക്കാരനായ അബ്ദുഹാജിയുടെ നേതൃത്വത്തില്‍ ശ്രമങ്ങളാരംഭിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. പയ്യനാട് പരേതനായ വി.എം. അബുഹാജി, അഹമ്മദ് കുരിക്കള്‍, പി.വി. മുഹമ്മദ് എന്നിവര്‍ വര്‍ഷങ്ങളായി നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് സര്‍ക്കാര്‍ ഭൂനികുതി സ്വീകരിക്കാന്‍ ഉത്തരവിറക്കിയത്.