വണ്ടൂരിലെ വാതക ശ്മശാനത്തിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിൽ
1430396
Thursday, June 20, 2024 5:37 AM IST
വണ്ടൂർ: വണ്ടൂരിലെ വാതക ശ്മശാനം പ്രവർത്തിപ്പിക്കുന്നതുമായിബന്ധപ്പെട്ട നിയമാവലി സർക്കാർ അംഗീകരിച്ചിട്ടും, കല്ലുകടി . ശ്മശാനത്തിലേക്ക് പരിശീലനം പൂർത്തിയാക്കിയ ജീവനക്കാർ നിലവിൽ ജോലിക്ക് അസൗകര്യം അറിയിച്ചതോടെ വീണ്ടും കേന്ദ്രത്തിന്റെ പ്രവർത്തനമാരംഭിക്കുന്ന കാര്യം അനിശ്ചിതത്വത്തിലുമായി.
വിവാദങ്ങൾക്കും പരാതികൾക്കും ഒടുവിലാണ് വണ്ടൂരിലെ വാതക സ്മശാനം ഉദ്ഘാടനം കഴിഞ്ഞ് ഗ്രാമപഞ്ചായത്തിന് കൈമാറിയത്. പുതുതായി ചുമതലയേറ്റ പ്രസിഡന്റ് വി.എം. സീന, വൈസ് പ്രസിഡന്റ് പട്ടിക്കാട് സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തിൽപ്രശ്നങ്ങളെല്ലാം തീർത്ത്, ഒടുവിൽ നിയമാവലി സർക്കാർ അംഗീകരിച്ചപ്പോഴാണ് ശ്മശാനത്തിലേക്ക് കണ്ടെത്തിയ ജീവനക്കാരൻ പിന്നോട്ട് പോയത്.കഴിഞ്ഞവർഷം ഒക്ടോബർ 20 നാണ് കൊട്ടിയാഘോഷിച്ചു ജില്ലാ പഞ്ചായത്ത് നിർമാണം പൂർത്തിയാക്കി കേന്ദ്രം വണ്ടൂർ ഗ്രാമപഞ്ചായത്തിന് കൈമാറിയത്.
വണ്ടൂർ അമ്പലപ്പടിയിൽ പഞ്ചായത്തിന്റെ സ്ഥലത്ത് 15 വർഷങ്ങൾക്ക് മുമ്പാണ് ജില്ലാ പഞ്ചായത്ത്,വാതക ശ്മശാനത്തിന്റെ നിർമാണം തുടങ്ങിയത്.പലതവണകളിലായി വിവിധ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ 50 ലക്ഷത്തോളം രൂപ കേന്ദ്രത്തിന്റെ നിർമാണത്തിന് വകയിരുത്തിയിട്ടുണ്ട്. ഇവിടേക്ക് വൈദ്യുതി കണക്ഷൻ എടുക്കാൻ വണ്ടൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പണം അടച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം തന്റെ വകയായി വാട്ടർ ടാങ്കും നൽകി. നിലവിലെ ജില്ലാ പഞ്ചായത്ത് അംഗമായ കെ.ടി. അജ്മൽ കേന്ദ്രം തുറക്കാനായി സ്വന്തം നിലയിലടക്കം തുക ചെലവഴിച്ച് കേന്ദ്രത്തിന്റെ സാങ്കേതിക തടസ്സങ്ങളെല്ലാം നീക്കി നിർമാണ പ്രവർത്തികൾ പൂർത്തിയാക്കി കേന്ദ്രം പഞ്ചായത്തിന് കൈമാറുകയായിരുന്നു.
ഇനി ജോലിക്കായി പുതിയ ആളെ കണ്ടെത്തണം, അല്ലെങ്കിൽ കേന്ദ്രം ആർക്കെങ്കിലും നടത്തിപ്പിനായി നൽകണം. വിവിധ കാരണങ്ങളാൽ വണ്ടൂരിലെ വാതക സ്മശാനത്തിന്റെ പ്രവർത്തനം നീളുകയാണ്.