എന്‍ഒസിയുടെ പേരില്‍ കര്‍ഷകരെ വട്ടംകറക്കി വനംവകുപ്പ്
1430215
Wednesday, June 19, 2024 7:20 AM IST
നിലമ്പൂര്‍: വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കര്‍ഷകരുടെ സ്ഥലങ്ങള്‍ക്ക് ഭൂമി രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ വനംവകുപ്പിന്റെ എന്‍ഒസി വേണം. രജിസ്ട്രാര്‍ ആണ് ഈ ആവശ്യത്തിനായി അതാത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് കത്ത് നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് റേഞ്ച് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും.
റേഞ്ചറും സ്ഥലം സന്ദര്‍ശിക്കും. ഭൂമിയുടെ നിലവിലെ സ്കെച്ചും പ്ലാനും വില്ലേജ് ഓഫീസില്‍ നിന്ന് വാങ്ങി കര്‍ഷകര്‍ നല്‍കും. വനംവകുപ്പ് നിലവില്‍ സ്ഥാപിച്ചിട്ടുള്ള ജണ്ടക്ക് പുറത്താണ് കര്‍ഷകന്റെ ഭൂമിയെങ്കില്‍ വനംവകുപ്പിന് എന്‍ഒസി നല്‍കുന്നതിന് തടസമില്ല. എന്‍ഒസി ലഭിച്ചാല്‍ സ്ഥലം ഉടമക്ക് ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതിന് തടസമില്ല. എന്നാല്‍, വനം വകുപ്പിലെ റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെ അപേക്ഷക്കൊപ്പം ഒരു സമ്മതപത്രം സ്ഥലം ഉടമകളില്‍ നിന്ന് എഴുതി വാങ്ങുകയാണ്. വനം വകുപ്പ് പറയും പോലെ എഴുതി നല്കാന് കര്‍ഷകരായ സ്ഥലം ഉടമകള്‍ നിര്‍ബന്ധിതമാകുകയാണ്.
ഈ നിബന്ധനകള്‍ പാലിച്ച് എന്‍ഒസി ലഭിച്ചാല്‍ അതിന്റെ പുലിവാല് പീന്നീട് അനുഭവിക്കേണ്ടി വരുന്നത് കര്‍ഷകരാണ്. ബാങ്കുകളില്‍ നിന്ന് സ്ഥലം ഈട്വച്ച് കര്‍ഷകര്‍ ബാങ്ക് വായ്പ എടുക്കാന്‍ ചെല്ലുമ്പോള്‍ എന്‍ഒസി യിലെ നിബന്ധന ബാങ്കുകള്‍ ചൂണ്ടിക്കാട്ടി വായ്പ നിഷേധിക്കുന്ന അവസ്ഥയാണുള്ളത്. വലിയ തുക അനുവദിച്ചാല്‍ നാളെ പുലിവാലാകുമോ എന്നാണ് ബാങ്കുകാരുടെ ആശങ്ക. ബാങ്കിന്റെ സംശയ നിവാരണത്തിനായി വനംഡിവിഷണല് ഓഫീസറെ സമീപിച്ചാല്‍ അത് സ്ഥലം രജിസ്ട്രാര്‍ നല്കുന്ന എന്‍ഒസി യാണെന്നും ബാങ്കുകാര് നോക്കേണ്ട കാര്യമില്ലെന്നുമാണ് മറുപടി.എടവണ്ണ റെയ്ഞ്ചിലെ എടക്കോട് സ്റ്റേഷന് പരിധിയിലെ പുള്ളിപാടം വില്ലേജില്‍പ്പെട്ട കര്‍ഷകരാണ് പൊല്ലാപ്പിലായിരിക്കുന്നത്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നല്കിയ ഒരു എന്‍ഒസിയില്‍ സ്ഥലത്തിന്റെ ഒരു അതിര് കുറുവന്‍ പുഴയും സ്വകാര്യ എസ്റ്റേറ്റുമായിട്ടും വനംവകുപ്പ് നല്കിയ എന്‍ഒസിയില്‍ സ്ഥലത്തിന്റെ ഒരു ഭാഗത്തും ഉള്‍പ്പെടാത്ത പന്തീരായിരം വനമേഖല എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കര്‍ഷകന്റെ പരാതിയില്‍ നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ പി. കാര്‍ത്തിക് എടവണ്ണ റേഞ്ച് ഓഫീസര്‍ സലീമിനെ വിളിച്ചു വരുത്തി പന്തിരായിരം വനമേഖല അതിര്ത്തിയാകാത്ത സ്ഥലമുടമയില്‍ നിന്ന് ഇത്തരത്തില്‍ ഒരു സമ്മതപത്രം എന്തിന് എഴുതി വാങ്ങിയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. ഈ ഭാഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്ഥലം ഉടമയായ കര്ഷകന് ഡിഎഫ്ഒക്ക് പരാതി നല്കിയപ്പോള് പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്നും രജിസ്ട്രാര്‍ക്ക് പരാതി നല്‍കാനും രജിസ്ട്രാര്‍ വീണ്ടും അപേക്ഷ നല്‍കണ്ടേ എന്നുമാണ് മറുപടി. എന്‍ഒസിക്ക് അപേക്ഷ ലഭിച്ചാല്‍ സ്ഥലം സന്ദര്‍ശിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കേണ്ട വനപാലകര്‍ അത് ചെയ്യാതെ കര്‍ഷകരില്‍ നിന്ന് നിര്‍ബന്ധമായി സമ്മതപത്രം വാങ്ങി നല്കുന്ന എന്‍ഒസി കര്‍ഷകര്‍ക്ക് പുലിവാല് ആകുകയാണ്.