തുവ്വൂരിൽ യുഡിഎഫ് മുന്നണി ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനമായി
1425378
Monday, May 27, 2024 7:52 AM IST
കരുവാരകുണ്ട്: തുവ്വൂർ ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് മുന്നണി ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനമായി. ഇന്നലെ മലപ്പുറത്ത് പി. അബ്ദുൽ ഹമീദ് എംഎൽഎ, എ.പി.അനിൽ കുമാർ എംഎൽഎ എന്നിവരുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് മുന്നണി ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ ലീഗ് പ്രതിനിധി ടി.എ. ജലീൽ വൈസ് പ്രസിഡന്റ് സ്ഥാനം ഇന്ന് രാജിവച്ചേക്കും. 17 ൽ 17 സീറ്റും യുഡിഎഫ് നേടിയ തുവ്വൂർ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം വച്ചുമാറിയതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളായിരുന്നു മുന്നണി ബന്ധം വഷളാക്കിയത്. അഞ്ച് വർഷത്തിൽ 15 മാസം പ്രസിഡന്റ് സ്ഥാനം കോൺഗ്രസിലെ പി.ടി. ജ്യോതിക്ക് നൽകിയതും ഇതേ കാലയളവിൽ ലീഗ് പ്രതിനിധി ടി.എ. ജലീൽ വൈസ് പ്രസിഡന്റായതും, കാലാവധി സംബന്ധിച്ച് ലീഗ് പി.ടി. ജ്യോതിക്കെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതും അവിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുൻപ് പ്രസിഡന്റ് രാജിവച്ചതും പ്രശ്നങ്ങൾക്ക് വഴിവച്ചു.
പ്രസിഡന്റ് രാജിവച്ചിട്ടും വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയാഞ്ഞത് കോൺഗ്രസിനെ ചൊടിപ്പിച്ചു. പിന്നീട് കഴിഞ്ഞ 18ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസിലെ ഏഴ് അംഗങ്ങളും വിട്ട് നിൽക്കുകയും ലീഗിലെ സി.ടി. ജസീന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.ജില്ലാ യുഡിഎഫ് നേതൃത്വം ശക്തമായ ഇടപെടൽ നടത്താത്തതും പ്രശ്നങ്ങൾ സങ്കീർണമാക്കി. തുടർന്നാണ് അണികളുടെ വികാരം മാനിച്ച് ഇരു പാർട്ടികളും ചർച്ചയ്ക്ക് തയാറായത്.